കട്ടപ്പന: ഏലയ്ക്കായ്ക്ക് ചരിത്രവില ലഭിച്ചിട്ടും കർഷകന്റെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങി. ചരിത്രത്തിലിടം നേടിയ വിലയാണപ്പോൾ ഏലത്തിനുള്ളത്. കറുത്ത പൊന്നും, കാപ്പിയും, കൈതാങ്ങാകാതെ തകർന്നടിഞ്ഞ ഹൈറേഞ്ചിൽ
കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷകളെ മറികടന്നാണ് ഏലക്കാ വില അയ്യായിരത്തിൽ എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന വണ്ടൻമേട് ഗ്രീൻകാർഡമം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ലേലത്തിലാണ് ഏലം വില 5000 ലഭിച്ചത്. ശരാശരി വിലയായി 3245 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മാർക്കറ്റ് വിലയും 3000 ത്തിനു മുകളിലാണ്. കഴിഞ്ഞയാഴ്ച വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 4000ത്തിനു മുകളിൽ വില രേഖപ്പെടുത്തിയിരുന്നു.
നല്ല വില ലഭിക്കുന്നതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഉദ്പാദനത്തിൽ വന്നിട്ടുള്ള വൻ ഇടിവാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. ലേല കേന്ദ്രങ്ങളിൽ എത്തുന്ന എലയ്ക്കായുടെ അളവിലും കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ കമ്പനികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ലേലത്തിൽ മിക്ക ദിവസങ്ങളിലും 20000 കലോയ്ക്ക് താഴെ എലക്കാ മാത്രമാണ് പതിയുന്നത്. ഇതും വില ഉയരുന്നതിനു കാരണമാണ്.
കാലാവസ്ഥ വ്യതിയാനം വില്ലനായി
കാലാവസ്ഥയിൽ വന്ന വ്യതിയാനമാണ് ഏലം ഉത്പാദനത്തിന് തടസമായത്. വേനൽമഴ ലഭിക്കാതിരുന്നതിനെ തുടർന്ന് ഹൈറേഞ്ചിൽ വ്യാപകമായി ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിയിരുന്നു. ഇതിനു പിന്നാലെ കാലവർഷവും ചതിച്ചതോടെയാണ് ഏലം ഉൽപാദനം നിലച്ചത്. സാധാരണ. രീതിയിൽ ജൂൺ മാസങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കായ് ലഭക്കേണ്ടതാണ്. എന്നാൽ ഇത്തവണ നാമമാത്രമായി മാത്രമാണ് തോട്ടങ്ങളിൽ കായെടുപ്പ് നടക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വിളവെടുപ്പ് സീസൺ ആരംഭിക്കാൻ ഇനിയും ഒന്നര മാസമെങ്കിലും വേണ്ടിവരും. കാലവർഷത്തിന്റെ തുടക്കത്തിൽ ഏലച്ചെടികളിൽ കായ് പിടുത്തം നടക്കേണ്ടതാണ്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഏലക്കാ ഉൽപാദനം നടക്കുന്നില്ല. ഇതു കൊണ്ടു തന്നെ അടുത്ത സീസണിലും ലഭിക്കുന്ന ഏലയ്ക്കായുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
കുരുമുളകും, കാപ്പിയും, ഗ്രാമ്പൂ ,ഇഞ്ചി, കൊക്കോ, തേയില തുടങ്ങിയവയെല്ലാം വിലത്തകർച്ചക്കൊപ്പം ഉത്പാദനത്തകർച്ചയും നേരിടുന്നത് കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചപ്പോൾ ആശ്വാസമായാണ് ഏലം വില കുതിച്ചുയർന്നത്. എന്നാൽ ഇതും കാർഷിക മേഖലയെ കരകയറ്റുവാനുതകിയില്ല.