modi

ന്യൂഡൽഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇന്ത്യ നിരസിച്ചു. ആൾക്കൂട്ട ആക്രമണങ്ങളും,ഗോ സംരക്ഷകർ നടത്തുന്ന ആക്രമണങ്ങൾ, മത പരിവർത്തനം, മതന്യൂനപക്ഷങ്ങൾക്കുള്ള നിയമപരമായ പരിരക്ഷ എന്നിവയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മതന്യൂനപക്ഷങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആസൂതിമായ നീക്കമുണ്ടെന്ന റിപ്പോർട്ടിന്റെ നിരീക്ഷണം തെറ്റാണെന്ന് ബി.ജെ.പിയുടെ മാദ്ധ്യമ വിഭാഗം തലവൻ അനിൽ ബലൂനി പറഞ്ഞു. ക്രിമിനൽ മനോഭാവമുള്ളവർ ചില പ്രാദേശിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇത്തരം ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി നേതാക്കളും അതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. അമേരിക്കയ്‌ക്ക് മോദിയോട് പക്ഷപാതപരമായ സമീപനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.

ഇന്ത്യ മതേതരത്വത്തിൽ അഭിമാനിക്കുന്നുവെന്നും ഇന്ത്യൻ ഭരണഘടന അതിന്റെ ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന മത സ്വാതന്ത്രത്തിന് സൗരക്ഷണം നൽകുന്നുണ്ട്. ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമാണെന്നും രവീഷ് കുമാർ വ്യക്തമാക്കി.

2018ലെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് എന്ന പേരിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെെറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആൾക്കൂട്ടക്കൊലപാതകവും,​ഗോസംരക്ഷണത്തെ ചൊല്ലിയുള്ള ആക്രമണങ്ങൾ എന്നീ കാര്യങ്ങളിലും കുറ്റവാളികളെ വിചാരണ ചെയ്യുന്നതലും സർക്കാർ പലപ്പോഴും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്നാണ് ബി.ജെ.പിയുടെ ഭാഗം. അമേരിക്കൻ വിദേശകാര്യ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാർട്ടിയോടും മുൻവിധിയുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു.