kannur-jail

കണ്ണൂർ: ജയിൽ ഡി.ജി.പിയായ ശേഷം ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മിന്നൽ റെയ്ഡിൽ ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും പിടികൂടി. പുലർച്ചെ നാലിനു തുടങ്ങിയ റെയ്ഡ് ഏഴര വരെ തുടർന്നു. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ്, ബീഡി എന്നിവയ്ക്കുപുറമെ ലഹരിവസ്തുക്കളും കണ്ടെടുത്തു.

ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതീവരഹസ്യമായി ഡി.ജി.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ കണ്ടെടുത്ത സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്നു കണ്ടെത്താൻ പൊലീസിനു കൈമാറിയിട്ടുണ്ട്.

മനോരോഗികളെ പാർപ്പിച്ച പത്താംബ്ലോക്ക് ഒഴികെയുള്ള ബ്ലോക്കുകളിലായിരുന്നു റെയ്ഡ്. ഒരു ജയിൽ ഉദ്യോഗസ്ഥനെപ്പോലും പങ്കെടുപ്പിച്ചില്ല. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടെകൂട്ടിയാണ് റെയ്ഡിനിറങ്ങിയത്. ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ കർശനമായി ശാസിച്ച ഋഷിരാജ് സിംഗ് കണ്ണൂരിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ സീൽ ചെയ്ത ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാത്രമല്ല പുലർച്ചെ നാലുമണിക്ക് തന്നെ സെൻട്രൽ ജയിൽ സൂപ്രണ്ടിനെ വിളിച്ചുവരുത്തി ചട്ടലംഘനത്തിന് വിശദീകരണവും ആവശ്യപ്പെട്ടു.

കണ്ണൂരിലേക്ക് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യം, ഭക്ഷണം, മയക്കുമരുന്ന് എന്നിവ കടത്തുന്നുണ്ട്. ചില കൊലക്കേസ് പ്രതികളും മറ്റും ജയിലിൽ കിടന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നതായും ആരോപണവുമുയർന്നിരുന്നു. കണിച്ചുകുളങ്ങര കൊലക്കേസ് പ്രതി വിനീഷ് സ്വന്തം ചെലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ടി.വി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് എം.പി. വിനോദിനെയും രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു.