thomas-isaac

തിരുവനന്തപുരം: സർഫാസി നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ബാങ്കേഴ്സ് സമിതിയുടെ നിലപാടിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കോർപ്പറേറ്റുകളുടെ അഞ്ച് ലക്ഷം കോടി രൂപയുടെ കടം ഒരു ബുദ്ധിമുട്ടുമില്ലാതെ എഴുതി തള്ളിയവരാണ് ബാങ്കേഴ്സ് സമിതിയെന്നും സമിതിക്ക് ഇരട്ടത്താപ്പ് നയമാണുള്ളതെന്നും മന്ത്രി വിമർശിച്ചു. ബാങ്കുകളുമായി സർക്കാർ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ നടപടി ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും സർക്കാൻ ഈ വിഷയം വളരെ ഗൗരവപരമായാണ് കാണുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. വയൽ മാത്രമേ കൃഷിഭൂമിയായി കണക്കാക്കൂ എന്ന സമിതിയുടെ നിലപാടും ശരിയല്ല. കേരള സർക്കാരിന് ബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരമില്ലെന്നും അതുകൊണ്ട് വിഷയം ചർച്ച ചെയ്യാൻ മാത്രമേ ആകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

പത്ര പരസ്യത്തിലൂടെയാണ് വായ്‌പാ തവണ മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആർ.ബി.ഐ മൊറട്ടോറിയം നീട്ടാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതി ഇങ്ങനെ ഒരു നടപടി എടുത്തത്. സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികളുമായി മുന്നോട്ട് പോകും എന്നാണ് ഈ പരസ്യത്തിലൂടെ ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ച ബാങ്കേഴ്സ് സമിതി യോഗം മറ്റന്നാൾ ചേരാനിരിക്കെയാണ് ഈ പരസ്യം പുറത്ത് വന്നിരിക്കുന്നത്.

പ്രളയകാലത്ത് സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം ഈ വർഷം ഡിസംബർ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഏതാനും ദിവസം മുൻപ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് ചേർത്ത് സർക്കാർ ഇത്തരം ചില നീക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. അതിനിടെയാണ് ബാങ്കുകളുടെ ഈ പുതിയ നിലപാട് പുറത്തുവന്നിരിക്കുന്നത്. ബാങ്കുകളുടെ നടപടി സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി വി .എസ് സുനികുമാറും പറഞ്ഞിരുന്നു.