അബുദാബി : ഗൾഫിലെ സ്‌കൂളുകൾ വേനലവധിയ്ക്കായി അടച്ചതോടെ നാട്ടിലേക്ക് കുടുംബസമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികളെ ഞെക്കിപിഴിഞ്ഞ് വിമാനക്കമ്പനികൾ. മറ്റു സമയത്തെ അപേക്ഷിച്ച് നാലിരട്ടി വരെ വില വർദ്ധനവാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ഇപ്പോൾ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ജൂലൈ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള എല്ലാവർഷവും നടക്കുന്നത്. കുടുംബത്തോടെ നാട്ടിലെത്തുന്ന പ്രവാസികൾ ആഗസ്റ്റോടെ തിരികെ മടങ്ങും. ഇക്കാലയളവിൽ ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് അറുപതിനായിരത്തിന് അടുത്ത് വരെ ടിക്കറ്റ് നിരക്ക് ഉയരും. ജനപ്രിയ വിമാനക്കമ്പനിയായ ജറ്റ് എയർവേയ്സ് കടം പെരുകി സർവീസ് അവസാനിപ്പിച്ചതോടെ മുൻ വർഷത്തേക്കാളും തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ഇതും വിമാനക്കമ്പനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് കുട്ടികൾക്ക് സ്‌കൂളവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ച മലയാളികളടക്കമുള്ള നിരവധി പ്രവാസികളുണ്ട്. പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും കൈയ്യിലുണ്ടെങ്കിലേ നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ഒരു പ്രവാസി കുടുംബത്തിന് ചിന്തിക്കാൻ കൂടിയാവുള്ളു.
അതേസമയം പീക്ക് ടൈമിൽ ഇന്ത്യയിലേക്ക് പോകുന്നവരെമാത്രമേ വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കി പിഴിയുന്നുള്ളൂ എന്നാണ് പ്രവാസികളുടെ പരാതി. മലയാളിയായ വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായതോടെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലാണ് മലയാളികളായ പ്രവാസികൾ. അധികാരമേറ്റയുടൻ ഇക്കാര്യത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും വിമാനക്കമ്പനികളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.