ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി എൻ.എസ്.എസ് രംഗത്ത്. കോടതി വിധിയെ ഈശ്വരവിശ്വാസം തകർക്കാനുള്ള അവസരമായിട്ടാണ് ഇടതു സർക്കാർ ഉപയോഗിച്ചതെന്നും, അതുകൊണ്ടുതന്നെ എല്ലാ മതങ്ങളിലും അയ്യപ്പനെ സ്‌നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് 2019–20 വർഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിധി നടപ്പാക്കാൻ സമയം ചോദിക്കണമെന്നും പുന:പരിശോധനാ ഹർജി കൊടുക്കണമെന്നും ഇടതു സർക്കാരിനോടു കാലുപിടിച്ചു പറഞ്ഞിട്ടും വഴങ്ങിയില്ലെന്നും സുകുമാരൻ നായർ വിമർശിച്ചു. ന്യൂനപക്ഷ ഏകീകരണം നടന്നതായി പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ ശ്രമം ഗൂഢ ലക്ഷ്യത്തോടെയാണ്.ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു. അധികാരം കൈയിലുണ്ടായിട്ടും ബി.ജെ.പി വിശ്വാസികളെ സഹായിച്ചില്ല. പകരം ശബരിമലയെ തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ ശ്രമിച്ചുവെന്നും എൻ.എസ്.എസ് വിമർശിച്ചു.
യു.ഡി.എഫ് മാത്രമാണ് നിയമ നടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്‌തത്. അതു കൊണ്ടാണ് അവർക്ക് ഈ നേട്ടം കൊയ്യാൻ കഴിഞ്ഞത്. കോൺഗ്രസിലെ തമ്മിലടി മൂലമാണ് ആലപ്പുഴയിൽ മാത്രം യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല പ്രശ്‌നത്തിൽ കോടതി മാത്രമാണ് ആശ്രയം. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും എൻ.എസ്.എസ് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.