up

അമൃത്സർ: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചയാൾ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു. 2015ൽ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച മൊഹിന്ദർ പാൽ ബിട്ടുവാണ് കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളിൽ വച്ച് രണ്ട് തടവുപുള്ളികളാണ് ബിട്ടുവിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഗുർസേവക് സിംഗ്, മനീന്ദർ സിംഗ് എന്നിവർ ചേർന്ന് കമ്പിവടി ഉപയോഗിച്ച് മൊഹീന്ദറിനെ മർദ്ദിച്ചിരുന്നു. മാരകമായി പരിക്കേറ്റ മൊഹീന്ദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. സംഭവത്തെ തുടർന്ന് പഞ്ചാബിൽ സുരക്ഷ ശക്തിപ്പെടുത്തി. കൂടാതെ സംസ്ഥാനത്ത് സംഘർഷം ഉണ്ടായാൽ നേരിടാൻ ബി.എസ്.എഫ്, ദ്രുതകർമ സേന എന്നിവയുടെ 12 കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മൊഹിന്ദർ പാൽ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തിൽപ്പെട്ട ആളാണ്. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിന് പിന്നാലെ പഞ്ചാബിൽ കലാപം ഉണ്ടായിരുന്നു. തുടർന്ന് സംഘർഷം നിയന്ത്രിക്കാൻ മൊഗാ ജില്ലയിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.