അമേത്തി : ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ അമേത്തിയിൽ ആദ്യമായെത്തിയ സ്മൃതി ഇറാനിയുടെ പ്രവർത്തിയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയ. മണ്ഡല പര്യടനത്തിനിടെ റോഡരികിൽ വച്ച് രോഗബാധിതയായ യുവതിക്ക് ചികിത്സ സൗകര്യം ഏർപ്പെടുത്തിയാണ് കേന്ദ്രമന്ത്രി കൈയ്യടി നേടിയത്. അകമ്പടി വ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലൻസിൽ അസുഖ ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയക്കുവാൻ സ്മൃതി ഇറാനി ഒപ്പം കൂടുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് യുവതിയെ വേഗം എത്തിക്കുവാൻ മന്ത്രി നിർദ്ദേശം നൽകുന്നതും വീഡിയോയിലുണ്ട്.
മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് സ്മൃതി ഇറാനി എത്തിയത്. വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച അവർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പിൽ തന്റെ സഹായിയായിരുന്ന സുരേന്ദ്ര സിംഗിന്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ സ്മൃതി ഇറാനി അമേത്തിയിൽ എത്തിയിരുന്നു. അന്ന് ശവമഞ്ചം തോളിലേറ്റി നടന്ന സ്മൃതി ഇറാനിയുടെ പ്രവൃത്തിയേയും ഏറെ പേർ ശ്ളാഘിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ തോൽപ്പിച്ചാണ് അമേത്തിയിൽ സ്മൃതി ഇറാനി വിജയക്കൊടി നാട്ടിയത്.