binoy-kodiyeri

തിരുവനന്തപുരം: പീഡനക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകൻ ബിനോയിക്കെതിരായി കുരുക്ക് മുറുകുന്നു. പരാതിക്കാരിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ൽ പുതുക്കിയ പാസ്‌പോർട്ടിലാണ് ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നുള്ളത്.

യുവതി 2004ൽ എടുത്ത പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ പാസ്പോർട്ട് എടുത്തത്. ഇതിലാണ് ബിനോയിയുടെ പേരുള്ളത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ സാധാരണയായി പാസ്‌പോർട്ടിൽ ഭർത്താവിന്റെയോ ഭാര്യയുടെയോ പേര് ചേർക്കാൻ സാധിക്കില്ല.

അതേസമയം ബീഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ ബിനോയിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ബിനോയ് കേരളം വിട്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടുപോകാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.