bjp

തിരുവന്തപുരം : ശബരിമല വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചിലിൽ ആശങ്കയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തിലെ വിശ്വാസികളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന വിമർശനവും പാർട്ടിയിൽ ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമലയിലൂടെ സമൂദായത്തെ മൊത്തമായി ഇടത് സർക്കാർ അപമാനിക്കുന്നു എന്ന വികാരം ജനങ്ങളിലേക്ക് പടർത്തുവാൻ ബി.ജെ.പിയുടെ പ്രചാരണത്തിന് കഴിയുകയും ചെയ്തു. ആറ്റിങ്ങൽ മുതലായ മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമാണ് ബി.ജെ.പി കൈവരിച്ചത്. എന്നാൽ ഒരു സീറ്റിൽ പോലും താമര വിരിയിക്കാനായില്ല എന്നത് പാർട്ടിക്ക് ക്ഷീണമാവുകയും ചെയ്തു.

അതേ സമയം വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ ശബരിമല വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വികാരവും വിശ്വാസികൾക്കിടയിലുണ്ട്. ഇതിന് പുറമേയാണ് കൊല്ലം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ശബരിമലവിഷയത്തെ സ്വകാര്യ ബില്ലാക്കി ലോക്സഭയിൽ കൊണ്ട് വന്നു കൈയ്യടി നേടിയത്. തുടക്കത്തിൽ ബില്ലിന് പിന്തുണ വാഗ്ദാനം ചെയ്ത ബി.ജെ.പിയുടെ ആവേശം പിന്നീട് ചോരുന്ന കാഴ്ചയാണ് കാണാനായത്. ഇതിന് പുറമേ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് സുപ്രീം കോടതി വിധിയെ മറികടന്ന് ഓർഡിനനൻസ് കൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതും ബി.ജെ.പി സംസ്ഥാന ഘടകത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സംസ്ഥാന ഘടകത്തിന് അനുകൂലമല്ല.

അടുത്തുതന്നെ ആറ് നിയമസഭ മണ്ഡലങ്ങളിലടക്കം ഉപതിരിഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇതിൽ വട്ടിയൂർക്കാവ്,കോന്നി,മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബി.ജെ.പി ജയപ്രതീക്ഷ വച്ചുപുലർത്തുന്നുമുണ്ട്. എന്നാൽ ശബരിമലവിഷയത്തിൽ ലോക്സഭയിൽ കിട്ടിയ ആനുകൂല്യം ഉപതിരഞ്ഞെടുപ്പിൽ വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്കയും പാർട്ടിയിലെ ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.