ടെഹ്‌റാൻ: പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും ഒരുപോലെ ഭീതിയിലാഴ്‌ത്തി ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നു. അമേരിക്കയാണ് യഥാർത്ഥ ഭീകരവാദിയെന്നും അമേരിക്കയെ തുടച്ച് നീക്കണമെന്നും ഇറാനിയൻ പാർലമെന്റിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. ലോകത്തിലെ ഭീകരർക്കെല്ലാം ആയുധമാണ് നൽകുന്നത് അമേരിക്കയാണെന്നും, ലോകത്താകമാനം ആക്രമണങ്ങൾ അവർ സൃഷ്ടിച്ചുവെന്നും പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കർ മസൂദ് പെസെഷ്ക്കിയൻ പറഞ്ഞു. മാത്രമല്ല ഇത്രയെല്ലാം ചെയ്ത് കൂട്ടിയിട്ടും അമേരിക്ക പിന്നെയും തങ്ങളെ ചർച്ചയ്ക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇറാനെതിരെ നിശബ്ദ യുദ്ധം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. അമേരിക്കൻ മാദ്ധ്യമങ്ങളിലാണ് ഇത് സംബന്ധിച്ചുള്ള വാർത്തകൾ വന്നത്. സൈബർ ആക്രമണത്തിലൂടെ ഇറാന്റെ മിസൈൽ സംവിധാനവും വ്യോമപ്രതിരോധ മാർഗങ്ങളും തകർക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. മിസൈൽ ലോഞ്ചറുകൾ, റോക്കറ്റുകൾ എന്നിവയെ നിയന്ത്രിക്കുന്ന കംപ്യൂട്ടർ സംവിധാനങ്ങളെ തകർക്കാനും പെന്റഗണിലെ ടെക്ക് വിദഗ്ദർക്ക് അനുമതി കിട്ടിയിട്ടുണ്ട്.
ഇറാൻ റെവല്യൂഷനറി ഗാർഡ്സിന്റെ സൈബർ നെറ്റ്‌വർക്കിനെയും ഈവിധം അമേരിക്ക ആക്രമിക്കും. എന്നാൽ ആക്രമണം ലോകത്തിന്റെ ഏത് ഭാഗത്തിരുന്നുകൊണ്ടാണ് അമേരിക്ക നടത്തുക എന്ന് വ്യക്തമല്ല. സൈബർ ആക്രമണം ഉണ്ടായാൽ ഇറാന് തക്കസമയം തങ്ങളുടെ മിസൈൽ സംവിധാനം പ്രവർത്തിപ്പിക്കാൻ ആകില്ല. ഇറാന്റെ പുതിയ പ്രതിരോധ സംവിധാനം കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്.
അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ടതിന് പകരമായി താൻ ഇറാനെതിരെ ഒരു സൈനിക ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ 150തോളം ജനങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെടും എന്ന് കണ്ടാണ് താൻ ആ പദ്ധതിയിൽ നിന്നും പിന്മാറിയതെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക തയാറാണ് എന്നുള്ള സൂചനയാണ് ട്രംപിന്റെ വാക്കുകൾ എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.