കണ്ണൂർ : ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലെന്തെങ്കിലും സ്വന്തമായി ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ എത്തിയതാണ് കെ. വിനോദും കുടുംബവും.നാട്ടിലെത്തിയപ്പോൾ കണ്ണൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ മത്സരിക്കാൻ സി.പി.എം വിനോദിനെ നിർബന്ധിപ്പിക്കുകയും, കോൺഗ്രസ് കുത്തകയാക്കി വച്ചിരുന്ന വാർഡിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിനോട് വിടപറഞ്ഞ് 50 ലക്ഷം രൂപ ചെലവിൽ ഡിടിപിസി നടപ്പാക്കിയ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് കരാറെടുത്ത പ്രവാസിയായ വിനോദിനും കുടുംബത്തിനും ആന്തൂർ നഗരസഭ കൊടുത്തത് എട്ടിന്റെ പണിയായിരുന്നു.
2014ൽ ഡി.ടി.പി.സി 50 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ വെള്ളിക്കീൽ ഇക്കോ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ടെൻഡർ വഴിയാണ് ഈ പ്രവാസി കുടുംബം നേടിയെടുത്തത്. 9 ലക്ഷത്തോളം രൂപ നിക്ഷേപമായി നൽകിയാണു കരാറെടുത്തത്. കരാറെടുക്കുമ്പോൾ തളിപ്പറമ്പ് നഗരസഭയിലായിരുന്നു വെള്ളിക്കീലെങ്കിലും ആന്തൂർ നഗരസഭ രൂപീകരിച്ചപ്പോൾ ഈ സ്ഥലം ആന്തൂർ നഗരസഭയുടെ അധികാര പരിധിയിലാവുകയായിരുന്നു. ഇതിനിടയിലാണ് പി.കെ.ശ്യാമള ഒരു സ്‌കൂൾ പരിപാടിയുടെ ഭാഗമായി വിനോദിന്റെ ഭാര്യ സുഗിലയോട് പതിനായിരം രൂപ പിരിവ് ചോദിക്കുന്നത്. എന്നാൽ ഇക്കോ ടൂറിസം പദ്ധതിയിൽ നിന്നും വേണ്ടത്ര വരുമാനം ലഭിക്കാതിരുന്നതിനാലും അടുത്തു തന്നെ പാർട്ടിക്ക് പതിനായിരം രൂപ നൽകിയതിനാലും മൂവായിരം മാത്രമേ കൈയ്യിലുള്ളൂ എന്ന് പറഞ്ഞത് പി.കെ.ശ്യാമളയ്ക്ക് ഇഷ്ടമായില്ല. ഈ സംഭവം മറ്റൊരാൾ വഴി പാർട്ടിയിലും അറിഞ്ഞു അതോടെ ടൂറിസം പദ്ധതിക്കെതിരെ ആന്തൂർ നഗരസഭ വാളോങ്ങുകയായിരുന്നു.
പാർക്കിലെ കിയാസ്‌കുകൾക്കു ലൈസൻസ് ഇല്ലാത്തതിനാൽ പൂട്ടണമെന്ന ആവശ്യവുമായി നഗരസഭാ ഉദ്യോഗസ്ഥർ താമസിയാതെ എത്തി. ലൈസൻസിന് അപേക്ഷിച്ചെങ്കിലും കൊടുത്തില്ല. നഗരസഭാധ്യക്ഷയെ നേരിൽ കണ്ടു പരാതിപ്പെട്ടപ്പോൾ മറുപടി തരില്ലെന്നായിരുന്നു. അതോടെ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബിസിനസ് പൂട്ടുകയായിരുന്നു. 2017ലും ഇതേ പദ്ധതി ടെൻഡർ വിളിച്ചപ്പോൾ ഈ കുടുംബം നേടിയെടുത്തു, പിന്നാലെ പി.കെ.ശ്യാമളയെ നേരിൽ കണ്ട് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തി ഉപദ്രവം തുടരുകയായിരുന്നു. കഴിഞ്ഞ വർഷം കാറ്റിലും മഴയിലും കിയോസ്‌കുകളും റസ്റ്റോറന്റും തകർന്നു. കെട്ടിടനമ്പർ കിട്ടാത്തതിനാൽ ഇൻഷുറൻസ് പോലും കിട്ടിയില്ലെന്നും ഇവിടെ നിക്ഷേപിച്ച 55ലക്ഷത്തോളം രൂപ വെള്ളത്തിലായെന്നും ഈ കുടുംബം പറയുന്നു.