police

തിരുവനന്തപുരം: എ.ആർ ക്യാമ്പിൽ പോലീസുകാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പൊലീസ് സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ കാർഡിന്റെ വിതരണം വൈകിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എ.ആർ ക്യാമ്പിൽ ഇടത്-വലത് സംഘടനകളിലെ പൊലീസുകാർ ഏറ്റുമുട്ടിയിരുന്നു. ഇടത് ഭരണത്തിലുള്ള പൊലീസ് അസോസിയേഷൻ നൽകിയ പട്ടികയിലുള്ളവർക്ക് മാത്രമേ തിരിച്ചറിയൽ കാർഡ് നൽകിയുള്ളു എന്നാരോപിച്ച് യു.ഡി.എഫ് ക്യാമ്പിലെ 10 സ്ഥാനാർത്ഥികൾ എ.ആർ ക്യാമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ഇത് ഇടത് അനുകൂലികൾ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

ട്രാഫിക്കിലുള്ള ജി.ആർ അജിത്ത്, വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ആർ.ജി ഹരിലാൽ, കണ്ട്രോൾ റൂം ചുമതലയുള്ള ശോഭൻ പ്രസാദ്, വനിതാ പൊലീസ് സ്റ്റേഷനിലെ മിനിമോൾ എം.എസ്, നേമം സ്റ്റേഷനിലെ ഷീജ ദാസ്, എ.ആർ ക്യാമ്പിലെ രഞ്ജിത്ത്, സനൽ കുമാർ, അനിൽ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നത്. എട്ടു പേർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിന് ചേരാത്ത തരത്തിലുള്ള പ്രവർത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. സഞ്ജയ് കുമാർ പറഞ്ഞു.

തുടർന്ന് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസുകാർ എത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാൽ പിരിഞ്ഞുപോകണമെന്നുള്ള സി.ഐയുടെ അഭ്യർത്ഥന അവഗണിച്ച് കോൺഗ്രസ് അനുകൂലികൾ വീണ്ടും കുത്തിയിരിപ്പാരംഭിച്ചു. മുൻപ് പൊലീസുകാർ തമ്മിൽ സംഘട്ടനം ഉണ്ടാകുമെന്ന് അഭിപ്രായം പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണറെ ഹൈക്കോടതി വിമർശിച്ചിരുന്നു. പൊലീസിന് മേൽ നിയന്ത്രണം ഇല്ലാതായാൽ എങ്ങനെയാണ് ആ സ്ഥാനത്ത് തുടരുന്നതെന്നാണ് ഹൈകോടതി വിമർശിച്ചത്.