am-ariff

ശബരിമലയിൽ പ്രവേശിച്ച കനകദുർഗ യഥാർത്ഥ ഭക്തയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഇടത് എം.പി എ.എം ആരിഫ്. സംഘർഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘർഷം നിറഞ്ഞ മനസുമായി പോയത് സർക്കാരിനെ കെണിയിൽ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് പേജിൽ ആരിഫ് കുറിച്ചു.

അവിടെ തടസ്സങ്ങൾ ഇല്ലാത്തതു കൊണ്ട് അവർ അവിടെ കയറി പോയി.ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവർ പോലും ആ ദിവസം തടസ്സപെടുത്താൻ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ,അയ്യപ്പപ്രതിഷ്‌ഠക്ക് മുമ്പിൽ ആചാരം ലംഘിച്ചു നിന്ന,തില്ലങ്കേരിയെ പോലുള്ളവർ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതിൽ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നിയിരുന്നുവെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ആരിഫ് പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ശബരിമല വിഷയത്തിൽ എന്റേതെന്ന രൂപത്തിൽ മലയാള മനോരമയുടെ ഓൺലൈനിൽ ഒരു വാർത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ശ്രീ.എം.കെ.പ്രേമചന്ദ്രൻ ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച്, സുപ്രീംകോടതി വിധിക്ക് മുമ്പായിട്ടുള്ള തൽസ്ഥിതി തുടരണം എന്ന് പറഞ്ഞുകൊണ്ടുള്ള സ്വകാര്യ ബില്ല് ഈ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരണ അനുമതി തേടിയിരുന്നു. അനുമതി നൽകി, അതിൽമേൽ ഉള്ള ചർച്ച ഉണ്ടോ ഇല്ലയോ എന്ന് സ്പീക്കറുടെ അറിയിപ്പ് വന്നിട്ടില്ല.


അത് 12 -ാം തീയ്യതിയാണ് വരുന്നത്. അത് ചർച്ചക്ക് വന്നാൽത്തന്നെ ഗവൺമെന്റാണ് ആണ് ആദ്യം നയം വ്യക്തമാക്കേണ്ടത്. അതിനു ശേഷം ഓരൊ അംഗങ്ങൾക്കും സംസാരിക്കാം,സംസാരിക്കാതിരിക്കാം.അപ്പോൾ അനുകൂലിച്ചൊ, പ്രതികൂലിച്ചൊ, സംസാരിക്കാൻ സ്പീക്കർ അനുവദിച്ചാൽ അവസരം കിട്ടും. എതിർക്കാതിരുന്നാൽ അതിനെ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാം . ആ വാർത്ത പക്ഷേ പറയണ്ടത് 12-ാം തീയ്യതിക്ക് ശേഷമാണ്. ഇപ്പോഴെ അതേക്കുറിച്ച്, അനുകൂലിച്ചു എന്ന പ്രചരണം,വസ്തുതാപരമായി ശരിയല്ല.
ഇത് സംബന്ധിച്ചു നേരത്തേതന്നെ എന്റെയും, എന്റെ പാർട്ടിയുടെയും നയം വ്യക്തമാക്കിയിട്ടുണ്ട്.


ശബരിമല യുവതീ പ്രവേശനത്തിന്റെ പരാതിക്കാർ ഞങ്ങളല്ല, RSS കാർ ആണ്. വിധി പറഞ്ഞപ്പോൾ തന്നെ ആ വിധിയെ സ്വാഗതം ചെയ്തത് BJP യും കോൺഗ്രസുമാണ്. പിന്നീട് കുറച്ച് പേർ പ്രതിഷേധം സംഘടിപ്പിച്ചു രംഗത്ത് വന്നപ്പോൾ RSS ഉം കോൺഗ്രസും അതിൽ നിന്നും പിൻമാറി. എന്നാൽ ഗവൺമെന്റാകട്ടെ AICC യും, RSS ഉം, നേരത്തെ എടുത്ത പോലെയുള്ള, പഴയ നിലപാടിൽ തന്നെ ഉറച്ചു നിന്നു.


പക്ഷേ ഗവൺമെന്റോ ഗവൺമെന്റിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളോ അവരുടെ സ്വാധീനം ഉപയോഗിച്ചു കൊണ്ട്, ഒരു യുവതിയേയും കയറ്റാൻ ശ്രമിച്ചിട്ടില്ല ആഹ്വാനവും ചെയ്തിട്ടില്ല.അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അപ്രകാരം ഒരു ആഹ്വാനം ഉണ്ടായിരുന്നുവെങ്കിൽ നിരവധി യുവതികൾ അവിടെ കയറുവാൻ പരിശ്രമം നടത്തുമായിരുന്നു. വിശ്വാസികളുടെ വിശ്വാസം,സംരക്ഷിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്.അതുകൊണ്ടാണ് അക്കൂട്ടത്തിൽ ഒരു യുവതി പോലും ശബരിമലയിൽ കയറാതിരുന്നത്. കനക ദുർഗ്ഗയെ പോലുള്ള യുവതി യഥാർത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം,...ശാന്തി,സമാധാനം, മാനസികമായ പിരിമുറുക്കങ്ങൾ, എന്നിവ ഇല്ലാതെ സമ്പൂർണ്ണമായി മനസ്സും ദൈവത്തിൽ സമർപ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത,ആരാധനാലയങ്ങളിൽ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയിൽ അനുശാസിക്കുന്നു. സംഘർഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘർഷം നിറഞ്ഞ മനസുമായി പോയത് സർക്കാരിനെ കെണിയിൽ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നു. അത്തരത്തിൽ കയറിയ ആളുകളുടെ പാപഭാരം മുഴുവൻ സംസ്ഥാന സർക്കാരിന്റേയും പാർട്ടിയുടേയും തലയിൽ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ്, സർക്കാരിന് ഒരു പങ്കുമില്ലാത്ത കാര്യത്തിൽ,RSSഉം,കോൺഗ്രസ്സും, നടത്തിയത്.

അവിടെ തടസ്സങ്ങൾ ഇല്ലാത്തതു കൊണ്ട് അവർ അവിടെ കയറി പോയി.ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവർ പോലും ആ ദിവസം തടസ്സപെടുത്താൻ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ,അയ്യപ്പപ്രതിഷ്ഠക്ക് മുമ്പിൽ ആചാരം ലംഘിച്ചു നിന്ന,തില്ലങ്കേരിയെ പോലുള്ളവർ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതിൽ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നിയിരുന്നു.

തിരഞ്ഞെടുപ്പിൽ ഇത് ആയുധമാക്കി നേട്ടം കൊയ്യാൻ കോൺഗ്രസിനു കഴിഞ്ഞു. അതിനാൽ വീണ്ടും ഈ വിഷയം ലൈവാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടുവാൻ കഴിയുമോ എന്ന ആലോചനയിലാണ് ഈ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഞാൻ എന്നല്ല പാർലമെന്റിലെ ഒരു അംഗവും നയം വ്യക്തമാക്കിയിട്ടില്ല .
BJP ഗവൺമെൻറ് നയം വ്യക്തമാക്കട്ടെ. എന്നിട്ടേ മറ്റ് അംഗങ്ങൾ അഭിപ്രായം പറയേണ്ടി വരുന്നുള്ളു .

എ.എം.ആരിഫ് എം.പി