custody-abuse

മൂന്നാർ: സി.പി.എം പ്രവർത്തകനും ക്രിമിനൽ കേസ് പ്രതിയുമായ യുവാവിന് മൂന്നാർ പൊലീസിന്റെ കസ്റ്റഡി മർദ്ദനം.മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് സതീശൻ എന്ന് പേരുളള ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സതീശനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും തന്നെ പൊലീസ് മർദ്ദിച്ചുവെന്നും പറയുന്നത്. സംഭവത്തിൽ മൂന്നാർ എസ്.ഐ ശ്യാം കുമാർ, എ.എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തോമസ് എന്നിവരെയാണ് ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.

പാർട്ടിയുമായി ബന്ധപ്പെട്ട നിരവധി കേസുകളിലും സതീശൻ പ്രതിയാണ്. പൊലീസുകാരെ കേസിൽ പെടുത്താനായി മനഃപൂർവം കെട്ടിച്ചമച്ചതാണ് സംഭവമെന്നും ആരോപണമുണ്ട്. സതീശന്റെ ഇപ്പോഴത്തെ നില തൃപ്തികരമാണെങ്കിലും നട്ടെലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.