rajunarayan-swamy

എസ്.എസ്.എൽ.സി മുതൽ സിവിൽസർവീസ് വരെയുള്ള പരീക്ഷകളിലും പിന്നീട് പഠിച്ച എല്ലാ കോഴ്സുകളിലും ഒന്നാംറാങ്ക് നേടി തലമുറകൾക്ക് പ്രചോദനമായി മാറിയ രാജുനാരായണസ്വാമി ഐ.എ.എസ് പദവി സംരക്ഷിക്കാൻ വലയുകയാണിപ്പോൾ. ഐ.എ.എസ് കസേരയിലിരുന്നുള്ള സ്വാമിയുടെ പ്രവർത്തനങ്ങൾ പരാജയമാണെന്നും ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥനാണ് സ്വാമിയെന്ന കണ്ടെത്തലടങ്ങിയ റിപ്പോർട്ട് സർക്കാരിന്റെ മുന്നിലാണിപ്പോൾ. എന്നാൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കാതെയുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ അവസരത്തിൽ രാജുനാരായണസ്വാമിക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥ വന്നുവെന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് ദീപേഷ് ചാലി. ജീവിതത്തിൽ നിങ്ങൾ 90% വിജയിച്ച ഒരു മനുഷ്യനും 90% പരാജയപ്പെട്ട ഒരു ബ്യൂറോക്രാറ്റുമാണെന്ന് ഈ ഐ.എ.എസ് ഉദ്യോഗസ്ഥനെ വിശേഷിപ്പിക്കുന്ന ദീപേഷ് ഇനിയും ഒരു മടങ്ങിവരവിന് അദ്ദേഹത്തിന് കഴിയുമെന്നും സൂചിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ ഉച്ചയ്ക്ക് ഓഫീസ് ലിഫ്റ്റിറങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നത് സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയായ മലയാളിയാണ്. ഉദ്യോഗസ്ഥരുടെ എസ്കോർട്ടും പൈലറ്റുമില്ലാതെ കൈയിലെ ഫയൽ കെട്ടുമായി പതിവു പോലെ ഒന്നാം റാങ്കുകാരി ഔദ്യോഗിക വാഹനത്തിൽ കയറി പോയി.

അതേ ഉച്ചയ്ക്കു ശേഷമാണ് ചാനൽ ക്യാമറകൾക്കു മുന്നിൽ കണ്ണീരൊപ്പി നിൽക്കുന്ന മലയാളിയായ മറ്റൊരു ഐ.എ.എസ് ഒന്നാം റാങ്കുകാരനെയും കണ്ടത്.

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള നാളികേര വികസന ബോർഡു ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ശ്രീ.രാജു നാരായണ സ്വാമി വിഷയത്തിൽ ഒന്നും പറയേണ്ടതില്ല എന്നു വിചാരിച്ചതാണ്. എന്നാൽ കുറച്ചു മുൻപൊരു ''ഞാൻ സംഘിയല്ല, പക്ഷേ....'' പ്രസ്ഥാനക്കാരനായ ഒരാളുടെ പോസ്റ്റിൽ കേരളത്തിലെ സാംസ്ക്കാരിക നായകർ പ്രതികരിക്കണമെന്നു പറയുന്നതു കണ്ടു. വേറൊരു സുഹൃത്താണേൽ 'അയ്യപ്പ സ്വാമിയും നാരായണ സ്വാമിയും' എന്നൊക്കെ പ്രാസമൊപ്പിച്ച് കരയുന്നതും കണ്ടു. ഇതിൽ സാംസ്ക്കാരിക നായകർക്കും അയ്യപ്പ സ്വാമിയ്ക്കും എന്തു റോൾ ആണുള്ളത് എന്ന് പിടികിട്ടിയില്ല.

കേരള കേഡർ ഐ.എ.എസിൽ നിന്നും VRS എടുത്ത ശ്രീ.കെ.സുരേഷ് കുമാർ ഒന്നോ രണ്ടോ വർഷം മുൻപ് ഒരു ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. ലോട്ടറി ഡയറക്ടറായിരിക്കെ നടത്തിയ ഔദ്യോഗിക യാത്രകളിലെല്ലാം കേരളത്തിലെ എല്ലാ ജംഗ്ഷനുകളിലും കൂട്ടം കൂടി നിന്ന് സൂപ്പർ ലോട്ടോ എടുക്കുന്ന മലയാളികളെ നിരന്തരമായി അദ്ദേഹം കണ്ടിട്ടുണ്ട്. പണി മുടക്കിയും കടം വാങ്ങിയും സൂപ്പർ ലോട്ടോ എടുത്ത് ഭാഗ്യം കാത്തിരിക്കുന്ന ആ മലയാളിക്കൂട്ടമാണ് ഓൺലൈൻ ലോട്ടറി നിരോധനത്തിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തീർച്ചയായും, എ.സി. കാറിനുള്ളിലെ ഫയലുകളിലേയ്ക്ക് മാത്രം തുറന്നു വെച്ച ബ്യൂറോക്രാറ്റിക് കണ്ണുകളിൽ പെടാതെ പോകുന്നതാണ്
സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ. ജനങ്ങളുടെ 'പൾസ് 'അറിഞ്ഞു മാത്രമേ പൾസ് പോളിയോ വാക്സിനേഷൻ ഡ്രൈവ് പോലും നടത്താവൂ എന്നതാണ് പ്രാഥമിക പാഠം. ഇത്തരം കാഴ്ചകളിൽ നിന്നാണ് നടുറോഡിലെ ട്രാഫിക്ക് ഐലന്റുകളും വോട്ടേഴ്സ് ഐഡി കാർഡുകളും തൊഴിലുറപ്പു നിയമവും ഉച്ചഭക്ഷണ പദ്ധതിയുമെല്ലാം ഈ മഹാരാജ്യത്ത് യാഥാർത്ഥ്യമായത്. കാരണം അക്കാദമിക് ബ്രില്യൻസിന് ഒരു കാലത്തും പിടികിട്ടാത്ത എലികളെ പോലും പിടിക്കാൻ നാൽകവലകളിൽ വെറുതേ കുന്തിച്ചിരിക്കുന്ന 'ക്യാറ്റിൽ ക്ലാസ്സിന് ' ഈസിയായി കഴിയും.

ശബരിമല വിഷയത്തിൽ കേന്ദ്ര ഓർഡിനൻസില്ല എന്നതു കൊണ്ട് സാക്ഷാൽ അയ്യപ്പ സ്വാമിയേയും,സിവിൽ സർവന്റ്സ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചു എന്ന പേരിൽ അച്ചടക്ക നടപടി നേരിടുന്ന രാജുനാരായണ സ്വാമിയേയും 'നീതി നിഷേധിക്കപ്പെട്ട രണ്ടു സ്വാമിമാർ 'എന്ന് കൂട്ടികെട്ടുന്നത് തികഞ്ഞ അശ്ലീലമാണ്. കേരളീയ മതേതര ഐഡന്റിറ്റിയുടെ ഏറ്റവും ചൈതന്യമുള്ള ദൈവ സങ്കല്പമാണ് ശ്രീ. അയ്യപ്പ സ്വാമി. എന്നാൽ, കളി നിയമങ്ങൾ മാത്രം പഠിച്ച അക്കാദമിക് ബ്രില്യൻസു കൊണ്ട് ഗ്രൗണ്ടിലിറങ്ങി പരാജയപ്പെട്ട സാദാ മനുഷ്യനാണ് നാരായണ സ്വാമി. രണ്ടും പേരും രണ്ടാണ്. ദയവായി തത്ത്വമസി എന്നു പറഞ്ഞ് കൂട്ടിക്കെട്ടരുത്.

കടുത്ത വേനലിലും വീട്ടുവളപ്പിൽ ആന്തൂറിയം വളർത്താനുള്ള അക്വാപോണിക്സ് സാങ്കേതിക വിദ്യകളല്ല, മറിച്ച്, ആന്തൂർ നഗരസഭയിൽ നിന്ന് ചെരിപ്പ് തേയാതെ കിട്ടുന്ന ബിൽഡിംഗ് പെർമിറ്റുകളിലാണ് സാദാ ജനങ്ങൾ എപ്പോഴും ഉറ്റു നോക്കുന്നത്. പൊതുഭരണത്തിന്റെ ഈ ടെക്നോളജി പഠിക്കാൻ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളുകളിലെ ദാരിദ്രരേഖയ്ക്ക് പകരം വഴിവക്കിലെ ദരിദ്ര നാരായണൻമാരെ തലയുയർത്തി നോക്കിയാൽ മാത്രം മതി ശ്രീ.രാജു നാരായണ സ്വാമി സാർ...

അതു കൊണ്ട്,
കാള പെറ്റേയെന്നു കേട്ടപ്പോൾ തൈരു കടയാൻ വേണ്ടി ഇറങ്ങിത്തിരിച്ച ആളുകൾ പറയുന്നതുപോലെ നിങ്ങൾ ഒരു ഭരണകൂടത്തിന്റെ ഇരയോ, പരാജയപ്പെട്ട മനുഷ്യനോ അല്ല. ഫീനിക്സ് പക്ഷിയാവണം എന്നൊക്കെയുള്ള ജോസഫ് അലക്സ് ഫാൻസുകാരുടെ തള്ളൽ കഥകൾ പാടേയങ്ങ് തള്ളിക്കളഞ്ഞേക്കുക.

കാരണം,
നിങ്ങൾ 90% വിജയിച്ച ഒരു മനുഷ്യനും
90% പരാജയപ്പെട്ട ഒരു ബ്യൂറോക്രാറ്റും മാത്രമാണ്.

പഴയൊരു ചൈനീസ് പഴമൊഴി കൂടി പറയട്ടെ...
No matter if it is a white cat or black cat; as long as it can catch mice, it is a good cat..

തീർച്ചയായും,
ഗുജറാത്തിലും യു.പി.യിലും ബീഹാറിലുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ മുട്ടുകുത്തി നിന്നും ദണ്ഡനമസ്ക്കാരം ചെയ്തും കോളാമ്പി പിടിച്ചും ശീലിച്ച സിവിൽ സർവ്വീസ് കടുവകളിൽ നിന്ന് നൂറ്റാണ്ടുകളോളം മുന്നിലാണ് കേരളവും അതിന്റെ സിവിക് സെൻസും.

അതു കൊണ്ട്, കേരളത്തിന്റെ വഴിവക്കിൽ നിന്ന് ഇനിയുമിങ്ങനെ കണ്ണീരൊപ്പരുത്. കാരണം,
എലികളെ പിടിക്കാൻ നിങ്ങൾക്കിനിയും സമയമുണ്ട് ബ്രോ...!!