തിരുവനന്തപുരം: എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ കരുതലിനായി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നും പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ എംബസിക്ക് ലഭിക്കുന്ന തരം നിയമം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബിൽ കേന്ദ്ര സർക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ശബരിമല സുവർണാവസരം ആണെന്ന ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസ്താവനയിൽ തെറ്റില്ലെന്നും പിള്ള ഇക്കാര്യം പറഞ്ഞത് ജനങ്ങളോടല്ല പാർട്ടി പ്രവർത്തകരോടാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തകർ എല്ലാം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടി മാറി എന്ന വസ്തുത സി.പി.എം അംഗീകരിക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ വ്യക്തി ജീവിതവും പൊതുജീവിതവും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് സംസ്കാരം കുടുംബത്തിൽ പോലും നടത്താൻ കഴിയുന്നില്ല എന്ന അവസ്ഥയാണ് സി.പി.എമ്മിലെന്നും മന്ത്രി വിമർശിച്ചു.