food

തലസ്ഥാനത്തെ പാങ്ങോട് എന്ന സ്ഥലം കേൾക്കാത്തവർ വളരെ വിരളമാണ്. ഇവിടെയുള്ള ഒരു ഭക്ഷണശാലയുടെ വിശേഷം അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷണത്തിന്റെ രുചി വൈഭവത്താൽ മാത്രമല്ല ഭക്ഷണം വിളമ്പുന്ന കൈകളുടെ പുണ്യമാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. ജെ.എം.ജെ ദാബ എന്നു പേരുള്ള ഈ ഭക്ഷണശാലയിൽ നിർധനർക്കും നിരാലംബർക്കും ആഹാരം സൗജന്യമാണ്. അതായത് 60 വയസ്സിന് മുകളിലുള്ളവർക്കാണ് സൗജന്യ ഭക്ഷണമെങ്കിലും അർഹതപ്പെട്ടവർക്ക് അവരുടെ പ്രായം നോക്കാതെ ആഹാരം സൗജന്യമാണ് എന്നുള്ളതാണ് ഈ ഭക്ഷണശാലയെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കുന്നത്. 25 വർഷത്തിലധികം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യു.കെയിലും മറ്റും ഷെഫായി ജോലി ചെയ്തശേഷം തിരികെ നാട്ടിലെത്തിയ കുട്ടനാട് സ്വദേശിയായ ജീവനാണ് ഈ ഹോട്ടലിന്റെ ഉടമ. സോഷ്യൽ മീഡിയയിൽ ഈ ഭക്ഷണശാലയുടെ വിശേഷങ്ങൾ ആദ്യമായി ഭക്ഷണപ്രിയരിലേക്കെത്തിച്ച വിഷ്ണു എ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണരൂപം

ഞാൻ കണ്ട ഈശോ മറിയം ഔസേപ്പ്....

പലപ്പോഴും ഭക്ഷണശാലകൾ വ്യത്യസ്തമാകുന്നത് രുചിയുടെ മേൽക്കോയ്മക്കൊണ്ട് മാത്രമല്ല... നിനവിന്റെ അപ്പുറമുള്ള നിലപാടുകൾ കൊണ്ടും ഊട്ടുന്നവനും ഊട്ടപ്പെട്ടവനും ഒരുപോലെ മനസും വയറും നിറയ്ക്കുന്ന ചില പ്രവർത്തികൾ കൊണ്ടുമാണ്...
ഭക്ഷണത്തെ പോലെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും നന്മ നിറയ്ക്കാനും മറ്റൊരു മാധ്യമവുമില്ലെന്നത് തികച്ചും വസ്തുതാപരമാണ്... ലാഭം മാത്രമല്ല സഹജീവികളോടുള്ള സ്നേഹവും കരുതലുമെന്ന യാഥാർഥ്യം മനുഷ്യനെന്ന മനീഷി എന്ന് മനസ്സിലാക്കുന്നോ അന്നവൻ ദൈവമായി മാറുന്നു.
ആ കരുതലും സഹാനുഭൂതിയും പറ്റുബുക്കിന്റെ വരികൾക്ക് പുറത്ത് കൂട്ടിയെഴുത്തുന്നൊരു രുചിയിടം പാങ്ങോടുണ്ട്..
J.M.J. ദാബ !!

പാങ്ങോട് !! പേര് കേൾക്കുമ്പോൾ തന്നെ കണ്ണിമചിമ്മാതെ തോക്കേന്തി കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ രൂപവും പുലരിവെട്ടം ഭൂമിയെ ചുംബിക്കും മുൻപ്തന്നെ അരനിക്കറുമായി പട്ടാള റിക്രൂട്ട്‌മെന്റിന് അണിനിരന്ന ഓർമകളും യുദ്ധസ്മാരകങ്ങളും കിള്ളിയാറും കട്ടയ്ക്കാലുകളും എങ്ങോ മറഞ്ഞ വയലേലകളും എല്ലാത്തിനും നാഥനായി തിരുവിതാംകൂർ ദേവസ്വത്തിലെ ഒരേയൊരു അശ്വാരൂഢ പ്രതിഷ്ഠപേറുന്ന പൊന്നുശാസ്താവും കൂട്ടിന് കാവിൽ ഭഗവതിയും ഉലകുടയ പെരുമാളും വാണരുളുന്ന അനുഗ്രഹീതഭൂമി...

ഒരു സമയത്ത് പാങ്ങോട് നിലം കാണാതെ വയലേലകളിൽ കാറ്റിന്റെ താളത്തിനോടൊപ്പം തലയാട്ടിയിരുന്ന നെൽക്കതിരുകൾ കണ്ട് "കാറ്റിൽ ഇളകിയാടുന്ന പച്ചപ്പട്ടുപോലെയെന്ന്" 'ഒരു ദേശത്തിന്റെ കഥ' എന്ന ക്ലാസ്സിക്കിൽ ശ്രീ.എസ് കെ പൊറ്റെക്കാട് പ്രതിപാധിച്ചത് വെറുതെയായിരുന്നില്ല,അത്ര മനോഹരിയായിരുന്നു ഈ നാട് !!!

വഴുതക്കാട് നിന്നും തിരുമലയിലേക്ക് വരുമ്പോൾ ഇടപ്പഴിഞ്ഞി പാലം കഴിഞ്ഞ് ഏതാണ്ട് 100 മീറ്റർ സഞ്ചരിച്ചാൽ ഇടതു വശത്തായാണ് J.M.J ദാബ...

food

കേട്ടറിഞ്ഞ് ഒരു ദിവസം ഞാനും പോയി ഈ ദാബയിൽ...

ഉത്തരേന്ത്യൻ ദാബകളുടെ ഉൾചിത്രം മനസ്സിലേന്തി പോയാൽ വെറുതേ നിരാശപ്പെടേണ്ടി വരും.. കാരണം പേരിൽ മാത്രമേ 'ദാബ' എന്ന അതിപ്രസരമുള്ളൂ...
സാധാരണ ഹോട്ടലിൽ ലഭിക്കുന്ന ഊണും ചൈനീസ് വിഭവങ്ങളും കുന്നുകൂടി കിടക്കുന്ന വടകളും നല്ല സ്വയമ്പൻ ചായയും ബിരിയാണിയും മറ്റുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ..

വലിയ പൊടിപ്പും തൊങ്ങലുമില്ലാതെ ഒരു സാദാ ഹോട്ടൽ.
ചെന്നു കയറി ഒരു ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ഹാഫ് ചിക്കൻ ചില്ലി എന്നിവ മുറി-ഹിന്ദിയുടെ പിൻബലത്തോടെ അവിടെ നിന്ന ബംഗാളിയോട് പറഞ്ഞു....

അധികനേരം ഇരുത്തി മുഷിപ്പിക്കാതെ വിഭവങ്ങളെല്ലാം മുന്നിലെത്തി.
വിഭവങ്ങളെല്ലാം കൊള്ളാം..
രുചിയുടെ കാര്യത്തിൽ ശരാശരി നിലവാരമാണെങ്കിലും അളവിന്റെ കാര്യത്തിൽ കുറച്ചേറെയുണ്ട്.
പ്രത്യേകിച്ചും ആ ഹാഫ് ചിക്കൻ ചില്ലി...

വിലവിവരം...

ചിക്കൻ ബിരിയാണി :- .90/-
ചിക്കൻ ഫ്രൈഡ് റൈസ് :- .100/-
ചിക്കൻ ചില്ലി(ഹാഫ്) :- .70/-

പോക്കറ്റ് കാലിയാകാതെ വയറ് നിറയ്ക്കാവുന്ന ഭക്ഷണശാലകളിൽ ഒന്നുംകൂടി...

ഇത്രേയുള്ളോ ???

അല്ല !!

food

ഈ രുചിയിടത്തിനൊരു പ്രത്യേകതയുണ്ട്...

ഇവിടെ നിർധനർക്കും നിരാലംബർക്കും ആഹാരം സൗജന്യമാണ്...

എഴുതുകുത്തുകളിൽ 60 വയസ്സിന് മുകളിലുള്ളവർക്കാണ് സൗജന്യ ഭക്ഷണമെങ്കിലും പ്രായം-ജാതി-മതഭേദ്യമന്യേ അർഹതപ്പെട്ടവർക്ക് ആഹാരം സൗജന്യമാണ്...

അപ്പോൾ അടുത്ത ചോദ്യം ആരാണ് ഈ അർഹതപ്പെട്ടവർ ?? തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണോ ?? അതോ ആർക്ക് മുന്നിലും കൈനീട്ടി മാനത്ത് അന്തിച്ചോപ്പ് വീഴുന്നതിന് മുൻപ് ബിവറേജസിന് മുന്നിൽ കേരള വികസനത്തിന് ആക്കം കൂട്ടുന്നവരോ ??

ചോദ്യം ഈ ഹോട്ടലിന്റെ ഉടമയായ കുട്ടനാട് സ്വദേശി ജീവൻ ചേട്ടനോടാണെങ്കിൽ ഉത്തരമിങ്ങനെ...
"ശെരിക്കും നമ്മുടെ മുന്നിൽ കൈനീട്ടുന്നവർ മാത്രമല്ല അർഹതപ്പെട്ടവർ... രാവിലെ കുളിച്ചൊരുങ്ങി അഭിമാനത്തിന്റെ കുപ്പായമിട്ട് കീശയിൽ 20 - 30 രൂപയും കൊണ്ട് ഭക്ഷണം കഴിക്കാൻ വരുന്നവരുണ്ട്. ഒരിക്കലും പൈസ കുറവാണെന്ന് അവർ പറയാറില്ല. 2 പൊറോട്ട അവരുടെ രാത്രി വരെയുള്ള ഭക്ഷണം അതായിരിക്കും..
ചില അമ്മമാരുണ്ട് കുടുംബത്തിൽ ഒരാൾക്ക് മാത്രം ജോലി കാണും അതും മാസം തുച്ഛമായ ശമ്പളം... അത് കൊണ്ട് ജീവിക്കണം.. അവർ വരും.. എണ്ണിപ്പെറുക്കി തൂക്കി നോക്കി ആഹാരം വാങ്ങിക്കൊണ്ട് പോകുന്നവർ ഇവരാണ് ശെരിക്കും അർഹതപ്പെട്ടവർ ".

25 വർഷത്തിലധികം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യു.കെയിലും മറ്റും ഷെഫായി ജോലി ചെയ്ത ശേഷം സ്വന്തമായൊരു ഹോട്ടൽ തുടങ്ങിയ മനുഷ്യന്റെ വാചകങ്ങളാണിവ...

ഇനിയിവരെ എങ്ങനെ കണ്ടുപിടിക്കുന്നുവെന്നു ചോദിച്ചാൽ അതിന്റെ ഗുട്ടൻസും നിസ്സാരം...
പണ്ട് മുതലേ വീട്ടിൽ വന്നു കയറുന്ന പാവങ്ങൾക്ക് പള്ള നിറയെ ആഹാരം കൊടുത്തുമാത്രം തിരിച്ചയച്ചിരുന്ന ഒരമ്മയുടെ മകന് വിശക്കുന്നവനെ കണ്ടെത്താൻ റേഷൻ കാർഡിന്റെ രേഖകളോ സർട്ടിഫിക്കറ്റുകളും വേണ്ടായിരുന്നു...
സഹജീവികളെന്ന സഹാനുഭൂതിമാത്രം മതിയായിരുന്നു...

ഇവിടുത്തെ മറ്റ് വിഭവങ്ങളുടെ വില കൂടിയറിയുമ്പോഴേ ജനങ്ങളോട് എത്രത്തോളം അടുത്താണ് ഈ കട നിൽക്കുന്നതെന്ന് മനസിലാവുകയുള്ളൂ....
വട :- .3/-
ഇഡ്ഡലി :- .3/-
പൂരി മസാല :- .25/-
ഊണ് :- .40/-


ചുരുക്കിപ്പറഞ്ഞാൽ കീശയിൽ 100 രൂപയുണ്ടെങ്കിൽ മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ദിവസം തള്ളിനീക്കാൻ തോളോട് തോൾ നിൽക്കുന്ന അപൂർവ്വം ഹോട്ടലുകളിലൊന്ന്...

ഓർമിക്കണം, മൂന്നര വർഷം മുൻപ് ഈ കട തുടങ്ങുമ്പോൾ 38 രൂപയായിരുന്നു വടപ്പരിപ്പിന്റെ ഇന്നത്തെ വില 50 രൂപയ്ക്ക് മുകളിലാണ് എന്നാലും വടയുടെ വില 3 രൂപ മാത്രം ...
ചായ നിർമ്മാണം മിൽമാ പാലിലാണ്...
നാട്ടുകാരെക്കാൾ തൊട്ടടുത്തുള്ള ആശുപത്രിയിലെ രോഗികളും വിശേഷണത്തിൽ മാത്രമുള്ള 'മാലാഖമാരും' ജീവിതം സ്വരുക്കൂട്ടുന്ന പാവങ്ങളും മറ്റുള്ളവരുമാണ് ഇവിടുത്തെ പ്രധാന സന്ദർശകർ...
ചായയടിക്കാനും കാര്യസ്ഥ ന്റെ ചുമതല വഹിക്കാനും 'ഒന്നരക്കാലുമായി' സുരേഷേട്ടനെയും നമുക്ക് കാണാം...

കടയിലെ ഒരു ദിവസത്തെ ബില്ലിൽ നല്ലൊരു ശതമാനവും 100 രൂപയ്ക്ക് താഴെയുള്ളവയാണെന്ന സത്യമറിയുമ്പോഴാണ് നാം തികച്ചും പകച്ചു പോകുന്നത്...
സന്ദർശകർ ഒരാളായാലും ഒറ്റ വിഭവത്തിന് മുന്തിയ വിലയെന്ന 'സ്റ്റാർബക്ക്‌സ് തിയറിക്ക്' തീർത്തും വിഭിന്നമായി പല വിഭവങ്ങൾ കുറഞ്ഞ വിലയ്ക്ക് ധാരാളമായി വിറ്റുപോകുന്നതിനാൽ ഹോട്ടലിന് നഷ്ടമില്ലെന്നാണ് ഇക്കണ്ട വിക്രിയകളെല്ലാം കാണിച്ചുകൂട്ടിയിട്ടും ഉടമയുടെ ന്യായീകരണം...

ഭക്ഷണം മാത്രമല്ല, കുടുംബജീവിതം ആഗ്രഹിക്കുന്ന നിർധനരായ പെൺകൊടികൾക്ക് ജീവിതം നൽകുന്ന 'ജ്യോതിർഗമയ' എന്ന ഫൗണ്ടേഷനിൽ നിന്നും സഹായങ്ങളും നിർദേശങ്ങളും ജീവൻ ചേട്ടൻ നൽകുന്നതാണ്...

മുന്നിൽ കൈനീട്ടുന്നവനേക്കണ്ട് പോക്കറ്റിലെ ഏറ്റവും ചെറിയ നാണയത്തുട്ട് തിരയുന്നിവർക്കിടയിലും
എല്ലാരുടെയും നാവിനെ സംതൃപ്തമാക്കുക എന്നത് മാത്രമല്ല അർഹതപ്പെട്ടവരുടെ വയറും മനസ്സും നിറയ്ക്കുകയെന്ന ഉദ്ദേശത്തോടെ മുന്നോട്ട് പോകുന്ന ഈ ഭക്ഷണശാലയെക്കുറിച്ചും അറിയണം...
ഇങ്ങനെയും ചില മനുഷ്യരുണ്ട് കൂട്ടിന് ഇങ്ങനെയും ചില രുചിയിടങ്ങളും..

കച്ചവടമെന്നാൽ പണപ്പെട്ടിയിലെ നാണയ കിലുക്കത്തിന്റെയും അടുക്കി കെട്ടിയ കടലാസുകൾക്കും മീതെ വയറും മനസ്സും കണ്ടറിഞ്ഞു നിറയ്ക്കുന്ന ഈ ഭക്ഷണശാലയുടെ പേരു മറക്കണ്ട...

J - Jesus - ഈശോ
M - Mary - മറിയം
J - Joseph - ഔസേപ്പ്

ലൊക്കേഷൻ
JMJ Dhaba
Thiruvananthapuram - Neyyar Dam Rd, Edapazhanji, Thiruvananthapuram, Kerala 695006
094968 00882
https://maps.app.goo.gl/qsfkHQ6pYj5rTEoV7