virat-kohli

സൗത്താംപ്ടൺ: ലോകകപ്പിൽ അഫ്ഗാനെതിരായ മത്സരത്തിൽ അനാവശ്യ അപ്പീൽ ചെയ്തതിന് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കൊഹ്‌ലിക്ക് പിഴ ചുമത്തി. അംപയർ അലീം ദാറുമായി തർക്കിച്ചതിനും കൂടിയാണ് കൊഹ്‌ലിക്ക് ഒരു ഡീ മെറിറ്റ് പോയിന്റും 25 ശതമാനം മാച്ച് ഫീ പിഴയും ചുമത്തിയത്. ഐ.സി.സി പെരുമാറ്റചട്ടത്തിലെ ലെവൻ ഒന്ന് കുറ്റം കൊഹ്‌ലി ചെയ്തതായാണ് മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ കണ്ടെത്തൽ.

മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാൽ വിശദീകരണം നൽകാൻ കൊഹ്‌ലി ‌ഹാജരാകേണ്ടതില്ല. മത്സരത്തിൽ അഫ്ഗാൻ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് കൊഹ്‌ലിയുടെ പ്രവൃത്തി അച്ചടക്കം ലഭിച്ചതായി ഐ.സി.സി കണ്ടെത്തിയത്. ജസ്‌പ്രീത് ബൂംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ റഹ്‌മത്ത് ഷായ്ക്കെതിരെ എൽ‌.ബി.ഡബ്ല്യൂ അപ്പീലിനായി കൊഹ്‌ലി അലറിവിളിച്ചതാണ് പ്രശ്നമായത്.

ഐ.സി.സി പെരുമാറ്റചട്ടം 2016 സെപ്റ്റംബറിൽ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കൊഹ്‌ലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം.