pk-shyamala-sajan

ആന്തൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയുടേയും സസ്പെൻഷനിലുള്ള മറ്റ് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും. നാളെയോ മറ്റന്നാളോ മൊഴിയെടുക്കുമെന്നാണ് സൂചന. നാർക്കോട്ടിക് ഡി.വൈ.എസ്.പി വി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. സാജന്റെ ആത്മഹത്യ കുറിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കാൻ പരിമിതികളുണ്ടെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ലൈസൻസ് നൽകുന്നത് നഗരസഭ മനപൂർവ്വം വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും സാജന്റെ കുടുംബാഗംങ്ങൾ ആരോപിച്ചിരുന്നു. പുതുതായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയിൽ സാജൻ ആത്മഹത്യ ചെയ്തത്.