bindu-manoj

കരാട്ടെ പോലുള്ള ആയോധനകലകൾ തങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല എന്നാണ് ഭൂരിഭാഗം സ്ത്രീകളും വിചാരിക്കുന്നത്. പുരുഷന്മാർ വിഹരിക്കുന്ന ഈ മേഖലയിൽ സ്ത്രീകൾ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും. എന്നാൽ ഇതിന് ഒരു അപവാദമാണ് കോഴിക്കോട്ടുകാരി ബിന്ദു മനോജ്. പ്രായമായെന്നും, വീട്ടമ്മയായെന്നും പറഞ്ഞ് മടിപിടിച്ചിരിക്കുന്ന സ്ത്രീകൾക്ക് ബിന്ദു ഒരു പ്രചോദനമാണ്.കൗമുദി ടി.വിയുമായുള്ള അഭിമുഖത്തിലാണ് ബിന്ദു മനസ് തുറന്നത്.

വിവാഹം കഴിഞ്ഞ് രണ്ടു ആൺകുട്ടികളുടെ അമ്മയായ ശേഷമാണ് ബിന്ദു കരാട്ടെ പഠിക്കാൻ ഇറങ്ങുന്നത്. പ്രസവം കഴിഞ്ഞ് തടി വച്ചതായിരുന്നു ബിന്ദു കരാട്ടെ അഭ്യസിച്ച് തുടങ്ങാനുള്ള കാരണം. എന്നാൽ പിന്നീട് തടി കുറയ്ക്കാൻ മാത്രമല്ല, മറ്റ് പല ഗുണങ്ങളും കരാട്ടെ പഠിക്കുന്നത് കൊണ്ട് ഉണ്ടാകും എന്ന് ബിന്ദുവിന് മനസിലായി. ശരീരം കരുത്തുറ്റതാകാനും, മനോധൈര്യം വർധിപ്പിക്കുന്നതിനും, ആത്മവിശ്വാസം കൂട്ടുന്നതിനും കരാട്ടെ ബിന്ദുവിനെ സഹായിച്ചു. ബ്ലാക്ക് ബെൽറ്റിൽ എത്തിനിൽക്കുന്ന ബിന്ദു ഇപ്പോൾ മറ്റുള്ളവർക്കും കരാട്ടെയിലുള്ള തന്റെ അറിവ് പകർന്നുനൽകുകയാണ്.

കരാട്ടെ മാസ്റ്ററായ ഭർത്താവാണ് ബിന്ദുവിനെ ഈ ആയോധന കലയിലേക്ക് നയിക്കുന്നത്. 28ാമത്തെ വയസിൽ. ദുർമേദസ് കുറയ്ക്കാൻ ഒരുപായം പറഞ്ഞുതരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ബിന്ദുവിനോട് കരാട്ടെ പഠിക്കാൻ പറയുന്നത്. എന്നാൽ കരാട്ടെ പഠിക്കുക എന്നത് തുടക്കത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു ബിന്ദുവിന്. നല്ല കായികശേഷി ആവശ്യമുള്ള അഭ്യാസങ്ങൾ ചെയ്യേണ്ടി വരുമ്പോൾ ബിന്ദു ചിലപ്പോഴൊക്കെ കരഞ്ഞുപോയിട്ടുമുണ്ട്.

മാത്രമല്ല അഭ്യാസം തുടങ്ങുന്ന ബിന്ദുവിനോടൊപ്പം കരാട്ടെ പഠിക്കാൻ സ്ത്രീകളെയൊന്നും കിട്ടിയതുമില്ല. അങ്ങനെ ഒറ്റപ്പെടലും കഠിനമായ അദ്ധ്വാനവും കൊണ്ട് ബിന്ദു ഏറെ ബുദ്ധിമുട്ടി. ഏറെ ബുദ്ധിമുട്ടിയാണ് അന്ന് കരാട്ടെ അഭ്യസിച്ചതെന്ന് ബിന്ദു ഓർക്കുന്നു. കരാട്ടെ മാസ്റ്ററായ ഭർത്താവ് ഭാര്യയാണെന്നുള്ള ആനുകൂല്യമൊന്നും തനിക്ക് നൽകിയില്ലെന്ന് ബിന്ദു ചിരിയോടെ പറയുന്നു.എന്നാൽ ഇത് ഏറെ നാൾ നീണ്ടുനിന്നില്ല. ശരീരം കരാട്ടെയോട് വഴങ്ങിത്തുടങ്ങിയ ശേഷം, ബ്ലൂ ബെൽറ്റിൽ എത്തിയതോടെ ബിന്ദുവിന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിച്ചു. അന്ന് തൊട്ട് ഏറെ ആസ്വദിച്ചാണ് ബിന്ദു കരാട്ടെ അഭ്യസിച്ചത്.

' മകനോടൊപ്പമാണ് ഞാൻ ആദ്യമായി കരാട്ടെ പഠിക്കാൻ ആരംഭിച്ചത്. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും താങ്ങാനാകില്ല. അമുൽ ബേബികളാണ് എല്ലാവരും. അങ്ങനെ ടഫ് ആയി ക്ളാസെടുത്താൽ അവർ അങ്ങനെ നിന്നു തരികയുമില്ല. ബ്ലാക്ക് ബെൽറ്റ് എടുത്തതിന് ശേഷമാണ് ഞാൻ കുട്ടികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത്. 2 മണിക്കൂർ നേരം നീണ്ടതാണ് അന്നത്തെ ക്ലാസ്. ഒരു നിമിഷം പോലും റെസ്റ്റ് എടുക്കാൻ അനുവദിക്കാതെയാണ് കരാട്ടെ പരിശീലിപ്പിക്കുന്നത്. ഇപ്പോൾ അങ്ങനെയൊന്നുമല്ല. റെസ്റ്റ് എടുക്കാൻ ഒക്കെ ആവശ്യത്തിന് സമയം കൊടുക്കും.' തന്റെ പരിശീലന തന്ത്രങ്ങൾ ബിന്ദു വെളിപ്പെടുത്തുന്നു.

താൻ ഈ രംഗത്തേക്ക് വന്ന ശേഷം നിരവധി സ്ത്രീകൾ കരാട്ടെ പഠിക്കാനായി എത്തിയെന്നും ബിന്ദു പറയുന്നു. തന്നെക്കാൾ പ്രായമുള്ള, നല്ല തടിയുള്ള ഇവർ പരിശീലനത്തിന് ശേഷം ശരീരഭാരം കുറച്ചുവെന്നും നന്നായി മെലിഞ്ഞുവെന്നും പറഞ്ഞുകൊണ്ട് ബിന്ദു കരാട്ടെയുടെ ഗുണഫലങ്ങൾ പറ്റി വാചാലയാകുന്നു.

ഇതുമാത്രമല്ല, തന്റെയടുത്ത് പഠിക്കാൻ എത്തിയ പെൺകുട്ടികൾക്ക് അസാമാന്യ മനകരുത്താണ് ഇപ്പോഴെന്നും ബിന്ദു പറയുന്നു. കരാട്ടെ പഠിക്കുന്നത് കൊണ്ട് തന്നെ ഇവരെ വളരെ ബോൾഡാണ്. ആരും അവരെ ഉപദ്രവിക്കാനോ അവരോട് വഴക്കുണ്ടാക്കാനോ എത്താറില്ല. അതുകൊണ്ട് ആരോടും അടികൂടാൻ പറ്റുന്നില്ല എന്നാണു അവരുടെ ഇപ്പോഴത്തെ സങ്കടം. ബിന്ദു ചിരിച്ചുകൊണ്ട് പറയുന്നു.

കാസർഗോഡ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികൾക്കാണ് ബിന്ദു പ്രധാനമായും ക്ളാസെടുക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു കുട്ടികളാണ് ഭൂരിഭാഗവും. ഇതുകൂടാതെ പൊലീസ് സ്റ്റുഡന്റ് കേഡറ്റുകളെയും ബിന്ദു പരിശീലിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള കേരള സർക്കാരിന്റെ 'കരുത്ത്' പദ്ധതി വഴിയും ബിന്ദു കരാട്ടെ പരിശീലനം നൽകുന്നുണ്ട്.