തൃശൂർ: ഫേസ്ബുക്കിലൂടെ വേറിട്ട പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിൽ അത് മറന്ന് ടി.എൻ പ്രതാപൻ എം.പി. പാർലമെന്റ് അംഗമെന്ന നിലയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ ബൊക്കകളോ ഷാളുകളോ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും, പകരം പുസ്തകങ്ങൾ തന്നാൽ മതിയെന്നും എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിൽ മെറിറ്റ് ഡേ ഉദ്ഘാടനത്തിനെത്തിയ എം.പി ഹെഡ്മിസ്ട്രസ് നൽകിയ പൂച്ചെണ്ട് ഏറ്റു വാങ്ങി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പാർലമെൻറ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം 'ആയുസ്സുള്ള' പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിൻറെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.
ഈ അഞ്ചു വർഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എൻറെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്കാരം നമുക്ക് വളർത്താം.