vegetable-

ഓണപ്പച്ചക്കറിയ്‌ക്ക് തടമൊരുക്കേണ്ട സമയമാകുന്നു. ഓണസദ്യയൊരുക്കാനുള്ള പച്ചക്കറിയ്‌ക്കായി ജൂലായ് ആദ്യവാരം തൈകൾ നടണം. വെള്ളരി, ചീര എന്നിവ ജൂലായ് മൂന്നാമത്തെ ആഴ്‌ച നട്ടാൽ മതി. കാരണം ഇവ വേഗത്തിൽ വിളവെടുക്കാൻ കഴിയുന്നവയാണ്.

മണ്ണിന്റെ പുളിപ്പ് മാറാൻ നീറ്റുകക്ക

കഴിഞ്ഞ ഓഗസ്‌റ്റിലുണ്ടായ പ്രളയം കാരണം വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിൽ മണ്ണിന്റെ പുളിപ്പ് മാറാൻ അൽപ്പം ശ്രദ്ധ പുലർത്തുക. തൈ നടുന്നതിന് ഒരാഴ്‌ച മുൻപ് ഒരു തടത്തിന് ഒരു ടേബിൾ സ്‌പൂൺ എന്ന അളവിൽ നീറ്റുകക്ക മണ്ണുമായി ഇളക്കി യോജിപ്പിച്ച് ഇടണം. മഴവെള്ളം നീറ്രുകക്കയുമായി ചേർന്ന് പുളിപ്പ് മാറിക്കിട്ടും. പുളിപ്പ് മാറിയ മണ്ണിൽ നന്നായി ജൈവവളം ചേർത്ത് വേണം കൃഷി നടത്താൻ. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ,​ മണ്ണിര കമ്പോസ്‌റ്റ്,​ ചകിരിച്ചോറ് കമ്പോസ്‌റ്റ് തുടങ്ങി ലഭ്യത അനുസരിച്ച് ജൈവവള പ്രയോഗം നടത്താം.

vegetable-

ജലസേചനം

മഴയുള്ള ദിവസം ഒഴിവാക്കി വെയിലുള്ള ദിവസങ്ങളിൽ ചെറിയതോതിൽ ജലസേചനം നടത്താം. വെയിൽ കടുക്കുകയാണെങ്കിൽ രാവിലെയും വൈകിട്ടും നനച്ചു കൊടുക്കണം. തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വളപ്രയോഗം

തൈ നട്ട് മൂന്ന് ഇല വരുമ്പോൾ മുതൽ ഓരോ ആഴ്‌ചയിലും വളപ്രയോഗം നടത്തണം. കോഴി കാഷ്‌ഠം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്,​ ചകിരിച്ചോറ് ,​ മണ്ണിര കമ്പോസ്‌റ്ര് എന്നിവ (ഇവയെല്ലാം വേണമെന്ന് നിർബന്‌ധമില്ല. ലഭ്യമായവ മാത്രം മതി )​ ചാണകപ്പൊടിയുമായി ചേർത്ത് മികച്ച ജൈവവളം തയാറാക്കാം. 100 കിലോ ജൈവവളം തയാറാക്കാൻ 50 കിലോ ചാണകപ്പൊടി മതി. ബാക്കി 50 കിലോ മറ്റ് വളങ്ങൾ ലഭ്യത അനുസരിച്ചും ചേർക്കാം. മൂന്ന് സെന്റിന്റെ പച്ചക്കറി കൃഷിയ്‌ക്ക് ഈ വളം മതിയാകും. വളം വെള്ളം നനയാതെ സൂക്ഷിക്കണം.

vegetable-

കീടരോഗ നിയന്ത്രണം

തൈകൾ നട്ട് വെള്ളവും വളവും നൽകിയാൽ മാത്രം പോരാ. ഓരോ ദിവസവും സൂക്ഷ്‌മമായി കീടങ്ങളെ നിരീക്ഷിക്കുകയും വേണം. മുഞ്ഞ,​ പപ്പപ്പുഴു,​ പുൽച്ചാടി,​ നീലി മൂട്ട,​ ഇലപ്പേൻ എന്നിവയാണ് പ്രധാനമായും ചെടികളെ ആക്രമിക്കുന്നത്. ആദ്യദശയിൽ തന്നെ കീടങ്ങളെ നീക്കം ചെയ്യണം. വേപ്പ് അധിഷ്‌ഠിതമായ അഞ്ച് മില്ലി ജൈവ കീടനാശിനി ഒരു ലിറ്രർ വെള്ളത്തിന് എന്ന കണക്കിൽ രണ്ട് ദിവസം കൂടുമ്പോൾ തളിച്ച് കൊടുക്കണം. കീടത്തിന്റെ ആക്രമണമുണ്ടെങ്കിൽ മാത്രം കീടനാശിനി ഉപയോഗിച്ചാൽ മതി.

താങ്ങ് , തണൽ,​മെത്ത,​ പന്തൽ

തൈ നടുന്ന ദിവസം തന്നെ തണൽ കൊടുക്കണം. മരത്തിന്റെ ചില്ല, ഓലക്കീറ്, എന്നിവ ഉപയോഗിച്ച് തണൽ കൊടുക്കാം. ഒരാഴ്‌ച കഴിയുമ്പോൾ ഈ തണൽ മാറ്റിക്കൊടുക്കണം. എങ്കിൽ മാത്രമേ സൂര്യപ്രകാശം ലഭിക്കൂ. വെണ്ട,​ തക്കാളി,​ വഴുതന,​ മുളക് എന്നിവയ്‌ക്ക് ചെറിയ മരക്കൊമ്പുകൾ ഉപയോഗിച്ച് താങ്ങുകാലുകൾ നൽകണം. പയർ,​ പാവൽ,​ പടവലം,​ കോവൽ,​ ചുരയ്‌ക്ക,​ പീച്ചിങ്ങ എന്നിവയ്‌ക്ക് പന്തൽ ഒരുക്കി കൊടുക്കണം. മത്തൻ,​ വെള്ളരി എന്നിവയ്‌ക്ക് മണ്ണിന്റെ ചൂടേൽക്കാതിരിക്കാൻ ഓല,​ വാഴക്കച്ചി എന്നിവ വിരിച്ച് മെത്തയൊരുക്കുക . വള്ളികൾ ഓലയ്‌ക്ക് മേലെ ആയിരിക്കാൻ ശ്രദ്ധിക്കുക. പാവലിന് പേപ്പർ കവചത്തിന് പകരം ഇപ്പോൾ വിപണിയിൽ പോളിത്തീൻ ട്യൂബുകൾ ലഭ്യമാണ്.

തയ്യാറാക്കിയത്

ഹരികുമാർ മാവേലിക്കര

അസി.കൃഷി ഓ‌ഫീസർ,

കരിമ്പ് വിത്തുൽപ്പാദന കേന്ദ്രം പന്തളം