തിരുവനന്തപുരം : നെയ്യാർ ഡാമിൽ നിന്നുള്ള ചാനൽ ജലം മുന്നറിയിപ്പ് നൽകാതെ തുറന്നു വിട്ടതിന്റെ ഫലമായി നെയ്യാറ്റിൻകര താലൂക്കിലെ മരുതാത്തൂർ ഏല മുതൽ രാമേശ്വരം ഏല വരെയുള്ള കൃഷി നശിക്കുകയും വീടുകൾ വെള്ളം കയറി നശിക്കുകയും ചെയ്ത സംഭവത്തിൽ പരിഹാര നടപടികൾ കൈക്കൊള്ളുമെന്ന് നെയ്യാർ ഇറിഗേഷൻ അധികൃതർ അറിയിച്ചു.
മുന്നറിയിപ്പൊന്നുമില്ലാതെ ചാനൽ തുറന്നു വിട്ടത് വഴി നൂറോളം വീടുകൾക്കും മാരായമുട്ടം മുതൽ രാമേശ്വരം വരെ ചാനലിന്റെ കരയിൽ താമസിക്കുന്നവർക്കും ഉണ്ടായ ദുർഗതി കൗമുദി ടി വി യുടെ വാർത്താധിഷ്ഠിത പരിപാടിയായ നേർ കണ്ണ് വെളിച്ചത്തു കൊണ്ട് വന്നിരുന്നു. ഇതേ തുടർന്നാണ് നെയ്യാർ ഇറിഗേഷൻ അധികൃതരുടെ ഇടപെടൽ. മഴക്കാലത്തെ കഴിഞ്ഞാലുടൻ തകർന്ന ചാനൽ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുവാനാണ് തീരുമാനം. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കുവാനും തീരുമാനമായി. അറ്റകുറ്റ പണി നടത്തേണ്ട ചാനലിന്റെ കേടായ ഭാഗങ്ങൾ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. നിർമാണ അനുമതി കിട്ടിയാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
വിഷയം കഴിഞ്ഞയാഴ്ച നേർകണ്ണിൽ വന്നതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ നെയ്യാർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശ പ്രകാരം സംഭവ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. നെയ്യാർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അജയ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചാനലിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും കോൺക്രീറ്റ് അടിത്തട്ടിൽ തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും കോൺക്രീറ്റ് പാളികൾ വെള്ളത്തിൽ വലീദ് പോയിട്ടുണ്ട് ഈ ഭാഗങ്ങളിലൂടെയാണ് ചാനലിലെ ജലം സമീപത്തുള്ള വീടുകളിലേക്ക് കുതിച്ചു പാഞ്ഞു നാശ നഷ്ടങ്ങളുണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തി.
തകർന്ന ചാനൽ ഭാഗങ്ങൾ കോൺക്രീറ്റ് ബലപ്പെടുത്തുകയാണ് ഏക പോംവഴിയെന്നും അടിയന്തിര പദ്ധതിയിൽ പെടുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്നും ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അജയകുമാർ കൗമുദി ടി വിയോട് പറഞ്ഞു. കോൺക്രീറ്റ് ചെയ്യുന്നതോടെ ചാനലിലെ ജല ചോർച്ചയുടെ 90 % പരിഹരിക്കാനാകുമെന്നാണ് നെയ്യാർ ഇറിഗേഷന്റെ കണക്കു കൂട്ടൽ.