money-

ഹൈന്ദ്രവ വിശ്വാസപ്രകാരം പൊതുവെ പറയുന്ന ഒരു കാര്യമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആർക്കും കടം കൊടുക്കരുതെന്ന്. കൊടുത്തു കഴിഞ്ഞാൽ അത് ചെയ്യുന്നവർക്ക് കടം പെരുകുമെന്നാണ് പൊതുവെയുള്ള വിശ്വാസം.ഹൈന്ദവാചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും വിശ്വസിക്കുന്നവർക്ക് പലപ്പോഴും ഇത് ആശങ്കയ്‌‌ക്ക് കാരണാമാകാറുണ്ട്. എന്നാൽ എന്താണ് ഇതിനു പിന്നുള്ള സത്യം. ഇത്തരമൊരു ആശങ്കയ്‌ക്ക് എന്തെങ്കിലും അടിസ്ഥനമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ആചാര്യന്മാർ വിശദീകരിച്ചിട്ടുള്ള ഉത്തരം ഇപ്രകാരമാണ്.

അന്നത്തിന്റെയും ഐശ്വര്യത്തിന്റെയും ലാളിത്യ പ്രതീകമായ അന്നപൂർണേശ്വരിയുടെയും, പ്രപഞ്ച പ്രതീകമായ ഭൂമി ദേവിയുടെയും ദിനമായ ചൊവ്വാഴ്‌ചയും, സമ്പദ് സമൃദ്ധിയുടെ ദേവതയായ മഹാലക്ഷ്‌‌മിയുടെ ദിനമായ വെള്ളിയാഴ്‌ചയും സ്വർണം, വെള്ളി, ചെമ്പ്, ലോഹപാത്രങ്ങൾ, ധനം, ധാന്യം എന്നിവ ആർക്കും കടം കൊടുക്കരുത്. ഈ ദിനങ്ങളിൽ കിട്ടുന്ന ധന ധാന്യങ്ങൾ ഒരുവന് ഐശ്വര്യം നൽകും. അന്നപൂർണേശ്വരിയും ഭൂമി ദേവിയും ലക്ഷ്‌മി ദേവിയും ഭവനത്തിലേക്ക് വരുന്നു എന്നാണ് വിശ്വാസം. എന്നാൽ പ്രസ്‌തുത ദിനങ്ങളിൽ ഇത് കൊടുക്കുന്നവരുടെ വീടുകളിൽ നിന്ന് ദേവതമാരും അതുവഴി ഐശ്വര്യവും പടിയിറങ്ങി പോകുമെന്നും വിശ്വാസമുണ്ട്.

അതുകൊണ്ടാണ് ചൊവ്വ, വെള്ളി ദിവസങ്ങളിൽ കടം കൊടുക്കരുതെന്ന് പറയുന്നതിന് കാരണം. പഴയകാലങ്ങളിൽ ഇത്തരം വിശ്വാസങ്ങൾ കുറച്ചു കൂടി ശക്തമായിരുന്നു. വീട്ടിലെ ഉരുളിയും, വിളക്കും എന്നു തുടങ്ങി അരിയളക്കുന്ന പറയോ പാത്രങ്ങളോ പോലും ആരും ഈ ദിവസങ്ങളിൽ കടം നൽകുമായിരുന്നില്ല.