ന്യൂഡൽഹി: ബി.എസ്.പിയുടെ ഉന്നതസ്ഥാനങ്ങളിൽ സഹോദരനെയും അനന്തരവനെയും നിയമിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതി. സഹോദരനായ ആനന്ദ് കുമാറിനെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും അനന്തരവൻ ആകാശ് ആനന്ദിനെ ദേശീയ കോ ഓർഡിനേറ്ററുമായാണ് നിയമനം നൽകിയത്. ലക്നൗവിലെ പാർട്ടി ആസ്ഥാനത്തുചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത കാര്യം ബി.എസ്.പി എം.പി ഡാനിഷ് അലിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
2017ൽ മായാവതി, ആനന്ദ് കുമാറിന് പാർട്ടിയിലെ രണ്ടാം സ്ഥാനം ൻൽകിയിരുന്നു. എം.പിയോ, എം.എൽ.എയോ, മന്ത്രിയോ, മുഖ്യമന്ത്രിയോ ആകില്ലെന്ന് ധാരണയിലാണ് ആനന്ദിന് പാർട്ടിയിൽ സ്ഥാനം നൽകുന്നതെന്നായിരുന്നു അന്ന് മായാവതി പറഞ്ഞിരുന്നത്. എന്നാൽ, മായാവതി തന്റെ കുടുംബാംഗങ്ങളെ മാത്രം മുൻനിരയിലെത്തിക്കുന്നു എന്നുള്ള ആരോപണങ്ങളെത്തുടർന്ന് ആനന്ദിന് സ്ഥാനം നഷ്ടമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിക്കൊപ്പം പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തയാളാണ് 24കാരനായ ആകാശ് ആനന്ദ്. മാത്രമല്ല, 2017ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും മായാവതിയെ സഹായിക്കാൻ ആകാശ് ഒപ്പമുണ്ടായിരുന്നു.
ബന്ധുക്കൾക്ക് പുറമെ, പാർട്ടിയിലെ മറ്റു ചിലർക്കും നിർണായക ചുമതലകൾ നൽകിയിട്ടുണ്ട്. മുൻ ഉപാദ്ധ്യക്ഷനായിരുന്ന രാംജി ഗൗതത്തെ ആനന്ദ് കുമാറിനൊപ്പം ദേശീയ കോ ഓർഡിനേറ്ററായി നിയമിച്ചു. മുൻ ജെ.ഡി.എസ് നേതാവും അംറോഹ എം.പിയുമായ ഡാനിഷ് അലിയാണ് ബി.എസ്.പിയുടെ ലോക്‌സഭാ കക്ഷിനേതാവ്. രാജ്യസഭാംഗമായ സതീഷ് ചന്ദ്ര രാജ്യസഭയിലെ കക്ഷിനേതാവുമാകും. നാഗിനയിലെ എം.പി ഗിരീഷ് ചന്ദ്രയാണ് ബി.എസ്.പിയുടെ പുതിയ ചീഫ് വിപ്പ്.