ന്യൂഡൽഹി: അജ്ഞാതസംഘത്തിന്റെ വെടിവയ്പിൽ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് പരിക്ക്. ഈസ്റ്റ് ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു മിതാലി ചന്ദോല എന്ന മാദ്ധ്യമപ്രവർത്തക സഞ്ചരിച്ച കാറിന് നേരെ മുഖംമൂടി ധരിച്ചെത്തിയവർ ആക്രമണം നടത്തിയത്. കാറിന്റെ ഗ്ലാസ് തകർത്ത വെടിയുണ്ടകളിലൊന്ന് കൈയിൽ തുളച്ചുകയറിയാണ് മിതാലിക്ക് പരിക്കേറ്റത്.
നോയിഡയിൽ താമസിക്കുന്ന മിതാലി കാറിൽ ഒറ്റയ്ക്കായിരുന്നു. മിതാലിയെ പിന്തുടർന്ന സംഘം കാർ തടഞ്ഞു നിറുത്തിയാണ് രണ്ടു തവണ നിറയൊഴിച്ചത്. വെടിയേറ്റ ശേഷവും കാർ നിറുത്താതെ മുന്നോട്ട് എടുത്തപ്പോൾ വീണ്ടും പിന്തുടർന്ന അക്രമികൾ കാറിന്റെ ഗ്ലാസിനു നേർക്ക് മുട്ടയെറിഞ്ഞു കാഴ്ച തടസപ്പെടുത്താൻ ശ്രമിച്ചെന്നും മിതാലി പൊലീസിനോടു പറഞ്ഞു. മിതാലിയെ കിഴക്കൻ ഡൽഹിയിലെ ധരംശില ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ യാത്രക്കാരെ അപകടപ്പെടുത്തി മോഷണം നടത്തുന്ന ഏതെങ്കിലും സംഘമാണോ അതോ വ്യക്തിവൈരാഗ്യമാണോ ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2008ൽ സൗമ്യ വിശ്വനാഥൻ (26) എന്ന മാദ്ധ്യമപ്രവർത്തക ഡൽഹിയിലെ വസന്ത് കുഞ്ചിൽ സമാനരീതിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ 3.30നായിരുന്നു ഈ സംഭവം.