പരിശ്രമിക്കാൻ മനസുണ്ടെങ്കിൽ വിജയം ഉറപ്പാണെന്നതിന് നല്ലൊരു ഉദാഹരണമാണ് കോഴിക്കോട് ആസ്ഥാനമായുള്ള ലാഡർ, അഥവാ കേ രള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. മിതമായ നിരക്കിൽ ഫ്ളാറ്റുകൾ, വില്ലകൾ, മാളുകൾ, നക്ഷത്ര ഹോട്ടലുകൾ എന്നിവ നിർമ്മിച്ച്, ഏവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു ലാഡർ.
സഹകരണ മേഖലയിലെ ആദ്യത്തേത് എന്ന പെരുമയുമായി ലാഡർ തിരുവനന്തപുരം തമ്പാനൂരിൽ 'ദ ടെറസ്" എന്ന പേരിൽ ഒരുക്കിയ ത്രീസ്‌റ്റാർ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ലാഡറിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മാണം വയനാട്ടിൽ നടക്കുന്നു. ഷോപ്പിംഗ് മാൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പദ്ധതികളും വിവിധ ജില്ലകളിലായി പുരോഗമിക്കുന്നു. ലാഡറിന്റെ പ്രവർത്തനത്തെ കുറിച്ചും പദ്ധതികളെ കുറിച്ചും ചെയർമാൻ സി.എൻ. വിജയകൃഷ്‌ണൻ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
സർക്കാരും സഹകരണ മേഖലയും കൈകോർത്താൽ കേരളത്തിന് വലിയ വികസന നേട്ടങ്ങളുണ്ടാക്കാമെന്ന് താങ്കളൊരിക്കൽ പറഞ്ഞു. അതിലേക്കുള്ളൊരു നാഴികക്കല്ലാണ് 'ലാഡർ". ലാഡറിന്റെ പിറവിയെ കുറിച്ചൊന്നു പറയാമോ?
മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്‌ണൻ, മുൻ അഡിഷണൽ രജിസ്‌ട്രാർ സുരേഷ് ബാബു എന്നിവരിൽ നിന്ന് 2013-14ൽ ലഭിച്ച ആശയമാണ് 'ലാഡർ".
നിക്ഷേപങ്ങൾ സ്വീകരിച്ചാണല്ലോ പ്രവർത്തനം?
വ്യക്തികൾ, സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്ന് ഇതുവരെ ലഭിച്ച നിക്ഷേപം 230 കോടി രൂപയാണ്. ആളുകൾക്ക് ആയിരമോ പതിനായിരമോ നിക്ഷേപിക്കാം. അതിലൊന്നും ഒരു പ്രശ്‌നവുമില്ല.
അപ്പാർട്ട്‌മെന്റുകൾ, മൾട്ടിപ്ളക്‌സുകളുള്ള മാളുകൾ, നക്ഷത്ര ഹോട്ടലുകൾ.. സഹകരണ മേഖലയിലെ ആദ്യത്തേത് എന്ന പെരുമയുമായി പദ്ധതികൾ ഒട്ടേറെ പിറക്കുകയാണ്?
സുൽത്താൻ ബത്തേരിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ലിങ്ക് റോഡിൽ ബിസിനസ് ഹോട്ടലും കേരളത്തിലെ ആദ്യ കൊമേഴ്‌സ്യൽ കം അപ്പാർട്ട്‌മെന്റ് സമുച്ചയം മഞ്ചേരിയിലും വരുന്നൂ. മഞ്ചേരി പദ്ധതിയിലെ മുഴുവൻ റൂമുകളും വിറ്റുപോയി.
ഒറ്റപ്പാലത്ത് മൾട്ടിപ്ളക്‌സ് തിയേറ്റർ പദ്ധതി പുരോഗമിക്കുന്നു. പാലക്കാട്ട് ജില്ലയിലെ ഏറ്റവും വലിയ ടവർ ഉണ്ടാക്കുന്നത് ലാഡറാണ്; ഒറ്റപ്പാലത്ത്. നിർമ്മാണം കഴിഞ്ഞു. 80 ഫ്ളാറ്റുകളുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയമാണത്. തിരുവനന്തപുരത്ത് പാങ്ങപ്പാറയിൽ 232 ഫ്ളാറ്റുകളുടെ നിർമ്മാണം നടക്കുന്നു. കാപ്പിറ്റൽ ഹിൽസ് എന്നാണ് പേര്.
ഇതുവരെ എല്ലാ പദ്ധതികളിലും കൂടി ലാഡർ നിക്ഷേപിച്ച തുക?
200 കോടി രൂപയുടെ നിക്ഷേപം ഇതുവരെ നടത്തി. കോഴിക്കോട്ടെ മാങ്കാവ് ഗ്രീൻസ് പദ്ധതി പൂർണമായി വിറ്റുപോയി. ഒറ്റപ്പാലം പദ്ധതിയിലും മികച്ച പ്രതികരണമുണ്ട്.
ലാഡറിന്റെ ഭാവി പദ്ധതികൾ?
നിലവിലെ പദ്ധതികൾ പൂർത്തിയാക്കുകയാണ് പ്രഥമ ലക്ഷ്യം. കേരളത്തിന്റെ സഹകരണ മേഖലയിൽ മാറ്റത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് തച്ചടി പ്രഭാകരൻ. ഹരിപ്പാടിനും കായംകുളത്തിനും മദ്ധ്യേ, തച്ചടിയുടെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ സ്‌മാരകമെന്നോണം തിയേറ്റർ കോംപ്ളക്‌സും ഗെയിം സോണും അടക്കമുള്ള കോംപ്ളക്‌സ് നിർമ്മിക്കും. 20 കോടി രൂപയാണ് പദ്ധതിച്ചെലവ്.
കേരള വികസനത്തിന്, സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന നടപടികൾ?
സർക്കാർ ഒന്നും ചെയ്യുന്നില്ല. ലാഡർ വന്നിട്ട്, അഞ്ചുകൊല്ലം കൊണ്ട് വിവിധ നികുതിയിനത്തിൽ സർക്കാരിന് 36 കോടി രൂപ കൊടുത്തു. എന്നാൽ, മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഈ രംഗത്ത് എങ്ങനെ ആളുകളെ കുഴപ്പത്തിലാക്കാൻ പറ്റുമെന്ന് ആലോചിക്കുകയാണ്. ആന്തൂരിൽ കണ്ടില്ലേ!
കഷ്‌ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് കെട്ടിപ്പടുത്ത പദ്ധതികൾ അനുമതി കിട്ടാതെ പൊലിയുമ്പോൾ ആത്‌മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തവർ എന്തുചെയ്യും? ഓരോ മുനിസിപ്പാലിറ്റിയിലും ഓരോ പഞ്ചായത്തിലും ഇത്തരം സംഭവങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. സഹകരണ മേഖലയ്ക്ക് ഇവരിൽ നിന്ന് ഒരു സഹകരണവുമില്ല.
ഞങ്ങളുടെ മഞ്ചേരി പദ്ധതിക്ക് ഫയർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ട് നാലുമാസമായി. 20 ദിവസത്തിനകം കിട്ടേണ്ട അനുമതി ഇതുവരെ കിട്ടിയിട്ടില്ല.
പ്രളയാനന്തര കേരള പുനർനിർമ്മിതിക്കായി കുറഞ്ഞ നിരക്കിൽ ഷാർജ സിമന്റ് ഇറക്കുമതി ചെയ്യാമെന്നൊരു ആശയം താങ്കൾ സർക്കാരിന് സമർപ്പിച്ചിരുന്നു.
ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് വ്യവസായ മന്ത്രി ഒരു കത്തു തന്നു. പിന്നെയൊന്നും ഉണ്ടായിട്ടില്ല. ഈ ഗവൺമെന്റ് ഇനി ചർച്ച ചെയ്‌തിട്ടൊന്നും കാര്യമില്ല. ഞാനൊരു യു.ഡി.എഫുകാരനാണ്. എന്നാലും, പിണറായി വിജയനിൽ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോഴതില്ല.
മൂന്നു പതിറ്റാണ്ടായി താങ്കൾ സഹകരണ മേഖലയുടെ നായകനായുണ്ട്?
സത്യസന്ധമായാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. 30 കൊല്ലം സഹകരണത്തിൽ അന്തസ്സായി നിന്നു. ഞാനുണ്ടാക്കിയ സ്ഥാപനങ്ങളിൽ മാത്രമേ ഞാൻ ഇരുന്നിട്ടുള്ളൂ. പത്തിരുപത് സഹകരണ സംഘങ്ങൾ ഞാനുണ്ടാക്കി. അതൊക്കെ ഒന്നിനൊന്ന് 'ബെറ്റർ" ആണെന്നതിൽ അഭിമാനമുണ്ട്.
'ജെറ്ര് കേരള" എന്നൊരു ആശയം താങ്കൾ സർക്കാരിന് സമർപ്പിച്ചിരുന്നു. എന്തായിരുന്നു പ്രതികരണം?
കേരളത്തിലെയും (കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം) കോയമ്പത്തൂരിലെയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനിയായിരുന്നു ലക്ഷ്യം. സർക്കാരാണ് അത് തുടങ്ങേണ്ടത്. പിണറായി വിജയനിൽ നിന്ന് മറുപടി ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല, ലാഡറിന്റെ പേരിൽ 55 അന്വേഷണങ്ങൾക്ക് ഉത്തരവിടുകയും ചെയ്‌തു.
എന്ത് അന്വേഷണം?
കാര്യം എനിക്കറിയില്ല. ഞാൻ സി.എം.പിക്കാരൻ ആയതുകൊണ്ടാവും. നമ്മുടെ കേരളത്തിൽ അന്ധമായ രാഷ്ട്രീയമാണ് സഹകരണ മേഖലയിലുള്ളത്. അതുമാറാത്ത കാലത്തോളം നമുക്കൊന്നും ചെയ്യാനാകൂല്ല. കേരളത്തിന്റെ സമ്പദ്‌മേഖലയേക്കാൾ ശക്തമാണ് സഹകരണ മേഖല.
ജെറ്ര് കേരള നല്ലൊരു ആശയമാണ്. വളരെ സിംപിളാണ്. പക്ഷേ, നല്ല ആളുകൾക്കേ അത് ചെയ്യാനാകൂ. 20 കോടി രൂപ നിക്ഷേപമുണ്ടെങ്കിൽ പെർമിറ്ര് നേടി കമ്പനി ആരംഭിക്കാം. എട്ടുകോടി രൂപയുണ്ടെങ്കിൽ രണ്ട് ചെറു വിമാനങ്ങൾ വാങ്ങാം. 20 കോടിയല്ല, ഒരു കോടിവച്ച് 200 സഹകരണ സംഘങ്ങളിൽ നിന്ന് 200 കോടി രൂപ വാങ്ങാനാകും. കമ്പനി ആജീവനാന്തം നടത്താനുള്ള പൈസ നമുക്ക് കിട്ടും. പക്ഷേ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രതീക്ഷ എനിക്കില്ല.