കോട്ടയം : കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ് നാളെ ജോസ് കെ.മാണിയുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യു.ഡി.എഫ് മുൻകൈയെടുത്ത് തിങ്കളാഴ്ച ചർച്ച നടത്തുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
അതേസമയം ആരും ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി കോട്ടയത്ത് പ്രതികരിച്ചു. ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്നും സമവായത്തിനാണ് തങ്ങൾക്കും താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ''ഇതുവരെ ചർച്ചയ്ക്ക് ക്ഷണം കിട്ടിയിട്ടില്ല. വിളി വരട്ടെ, എന്നിട്ട് നോക്കാം. രണ്ടിലച്ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തിരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ. സമവായത്തിന് കേരളാ കോൺഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചു നിൽക്കണം എന്ന് തന്നെയാണ് ഞങ്ങൾ പറയുന്നത്'' ജോസ് കെ.മാണി പറഞ്ഞു.
അതേസമയം ഞായറാഴ്ച ജോസ് കെ.മാണി വിഭാഗം കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. മീഡിയ കോർഡിനേറ്റർ വിജയൻ തോമസിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കേരള കോൺഗ്രസിന്റെ 99 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളിൽ 62 പേരുടെ പിന്തുണ തങ്ങൾക്കുണ്ടാകുമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ അവകാശവാദം. ഇതിൽ 59 പേർ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നും മാണിവിഭാഗം നേതാക്കൾ പറഞ്ഞു.
അതേസമയം കേരള കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ കേരള കോൺഗ്രസ് വിനിതാ വിഭാഗവും പിളർന്നു. വനിത കേരള കോൺഗ്രസ് (എം) അദ്ധ്യക്ഷ ഷീല സ്റ്റീഫൻ പി.ജെ.ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് സമവായ നീക്കങ്ങൾക്ക് തടസം നിന്ന് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത് ജോസ് കെ മാണി വിഭാഗമാണെന്നു വനിതാ സമ്മേളനം കുറ്റപ്പെടുത്തി. പി.ജെ ജോസഫിന്റെയും, സി എഫ് തോമസിന്റെയും ഒപ്പം പാർട്ടിയിൽ പ്രവർത്തിക്കുമെന്ന് വനിതാ കേരള കോൺഗ്രസ് അറിയിച്ചു.