-lakshminarayanan-

ചെന്നൈ: മുൻ തമിഴ്നാട് ഡി.ജി.പിയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ സഹോദരനുമായ വി.ആർ ലക്ഷ്മി നാരായണൻ ചെന്നൈയിൽ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച്ച ന്യൂ ആവ‌ഡി റോഡിലെ വൈദ്യുത ശ്‌മശാനത്തിൽ നടക്കും. സി.ബി.ഐ ജോയിന്റ് ഡയറക്ടറായിരിക്കെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയേയും തമിഴ്നാട് ഡി.ഐ.ജി ആയിരുന്ന കാലത്ത് ഡി.എം.കെ നേതാവ് കരുണാനിധിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 1977ലാണ് ഇന്ദിരയെ അറസ്റ്റ് ചെയ്യാൻ ലക്ഷ്മി നിയോഗിക്കപ്പെട്ടത്. 1980 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തിയതോടെ സി.ബി.ഐ ഡയറക്ടറാകേണ്ടിയിരുന്ന അദ്ദേഹത്തെ സ്വന്തം കേഡറായ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, 1985ൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.

മധുരയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലിസ് ആയിട്ടാണ് ലക്ഷ്മി നാരായണൻ ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സി.ബി.ഐയുടെ ജോയിന്റ് ‌ഡയറക്ടറായി. ജവഹർലാൽ നെഹ്റു,​ ഇന്ദിരാ ഗാന്ധി,​ ചരൺ സിംഗ്,​ മൊറാർജി ദേശായി എന്നീ പ്രധാനമന്ത്രിമാരുടെ കീഴിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിരമിച്ച ശേഷം അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. മക്കൾ: സുരേഷ് ലക്ഷ്മി നാരായണൻ, ഉഷ രവി, രമ ലക്ഷ്മിനാരായണൻ.