കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ഇന്നലെ നടന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ ഇന്ന് ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്.
കണ്ണൂരിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്നലെ നടത്തിയ മിന്നൽ റെയ്ഡിലും ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും പിടികൂടി. പുലർച്ചെ നാലിനു തുടങ്ങിയ റെയ്ഡ് ഏഴര വരെ തുടർന്നു. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ്, ബീഡി എന്നിവയ്ക്കുപുറമെ ലഹരിവസ്തുക്കളും കണ്ടെടുത്തു.ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതീവരഹസ്യമായി ഡി.ജി.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കണ്ടെടുത്ത സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്നു കണ്ടെത്താൻ പൊലീസിനു കൈമാറിയിട്ടുണ്ട്. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.
ഇതിന് പിന്നാലെയാണ് ഇന്നും അധികൃതർ ജയിലിൽ പരിശോധന നടത്തിയത്.
സമാനമായ രീതിയിൽ വിയ്യൂർ സെൻട്രൽ ജയിലും ഇന്നലെ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പരിശോധന നടത്തിയിരുന്നു. ടി.പി വധക്കേസ് പ്രതി ഷാഫിയുടെ പക്കൽ നിന്നും രണ്ട് സ്മാർട്ട് ഫോണുകളാണ് പരിശോധനയിൽ പിടികൂടിയത്. വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഇന്നലെ ജയിലിലെത്തി റെയ്ഡ് നടത്തിയത്.