pm-narendra-modi

ബംഗളൂരു: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി നേതാക്കളായിരുന്നു രംഗത്തെത്തിയത്. മാത്രമല്ല ബി.ജെ.പിയുടെ വൻ വിജയത്തിന്റെ ആഘോഷത്തിൽ യു.പിയിൽ നവജാത ശിശുവിന് നരേന്ദ്രമോദിയുടെ പേരു നൽകിയതും വാർത്തയായിരുന്നു. ഇപ്പോൾ ബംഗളൂരുവിലെ ഒരു മുസ്ലിം പള്ളിക്ക് നരേന്ദ്രമോദിയുടെ പേര് നൽകിയതായ വാർത്തയാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.

എന്നാൽ വാർത്തയിലെ സത്യം മറ്റൊന്നാണ്. പള്ളിയുടെ പേരിൽ മോദിയുടെ പേര് ഉണ്ടെങ്കിലും അത് പ്രധാനമന്ത്രിയല്ലെന്നാണ് പള്ളി അധികൃതർ വ്യക്തമാക്കുന്നത്.‘ഈ പളളിക്ക് ഏകദേശം 170 വർഷത്തോളം പഴക്കമുണ്ട്. പ്രധാനമന്ത്രിയുടെ വയസ് 69 ആണ്. മുമ്പേ ഈ പളളിയുടെ പേര് മോദി പളളി എന്നാണ്,’ പളളിയിലെ ഇമാം ഗുലാം റബ്ബാനി പറഞ്ഞു. ബംഗളൂരുവിലെ ടാസ്കർ ടൗണിലാണ് പളളി സ്ഥിതി ചെയ്യുന്നത്.

ഈ പളളി കൂടാതെ ബംഗളൂരുവിൽ മറ്റ് രണ്ട് പളളികളുടെ പേര് കൂടി മോദി മസ്ജിദ് എന്നാണ്. എന്നാല്‍ മോദി അബ്ദുൽ ഗഫൂർ എന്ന ധനികനായ കച്ചവടക്കാരന്റെ പേരിലാണ് ഈ പളളി നിർമ്മിച്ചിരിക്കുന്നത്. ‘1849ൽ ഇവിടെ ജീവിച്ചിരുന്ന മോദി അബ്ദുൽ ഗഫൂറിന് പ്രദേശത്ത് ഒരു പളളി വേണ്ടതിന്റെ ആവശ്യകത മനസ്സിലായി. അദ്ദേഹമാണ് ഈ പളളി നിർമ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന്റെ പേരിൽ തന്നെ മറ്റ് രണ്ട് പളളികളും പണിതു,’ മോദി മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.

2015ൽ പള്ളി പുതുക്കി പണിതിരുന്നു. കഴിഞ്ഞ മാസമാണ് പള്ളി വീണ്ടും വിശ്വാസികൾക്ക് വേണ്ടി തുറന്ന് കൊടുത്തത്. അതേസമയം തന്നെയാണ് മോദി സത്യപ്രതിജ്ഞ ചെയ്തതും. അതുകൊണ്ടാണ് വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.