തിരുവനന്തപുരം: ജനവാസ മേഖലയിലേയ്ക്കുള്ള വന്യജീവികളുടെ ആക്രമണം ലഘൂകരിക്കാൻ സമഗ്രപദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണ്.വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വേനൽക്കാലത്തും വനത്തിനുള്ളിൽ വെള്ളം ലഭിക്കാനായി 441 ജലസംഭരണികളും ചെക്ക് ഡാമുകളും നിർമിച്ചു. ജനങ്ങളും വന്യമൃഗങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നാട്ടിലുള്ള ആനകൾ വലിയ ക്രൂരത അനുഭവിക്കുന്നുണ്ട്. അത്തരം ആനകളെയും ഇവിടെ എത്തിക്കും. കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രത്തിൽ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിനൊപ്പം നെയ്യാർ ഡാമിലെ വന്യജീവിസങ്കേതത്തിന്റെ ടൂറിസം സാദ്ധ്യത മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അദ്ധ്യക്ഷത വഹിച്ചു.
ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. അടൂർ പ്രകാശ് എം പി , സി.കെ ഹരീന്ദ്രൻ എം.എൽ.എ, മുഖ്യ വനംമേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്‌പെഷ്യൽ ഓഫീസർ കെ.ജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. കെ എസ് ശബരിനാഥൻ എം.എൽ.എ സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ അനൂപ് കെ.ആർ നന്ദിയും പറഞ്ഞു.