japan

ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിലെ വൈദ്യുതി ബന്ധം തകരാറിലായതിനെതുടർന്ന് റദ്ദാക്കിയത് 26 ട്രെയിനുകൾ. വേഗമേറിയ ബുള്ളറ്റ് ട്രെയിനുകൾ ആരംഭിച്ച ജപ്പാനെ ഞെട്ടിച്ചത് ഒട്ടും വേഗമില്ലാത്ത ആ കുഞ്ഞുജീവിയാണ്,​ ഒച്ച്. മേയ് 30 ന് ജപ്പാനിലെ ജെ.ആർ. കഗോഷിമ ലൈനിലാണ് സംഭവം. വൈദ്യുതി തകരാർ മൂലം ഒറ്റ മണിക്കൂറിൽ ജപ്പാൻ നിറുത്തിവച്ചത് 26 ട്രയിനുകളാണ്. ഏതാണ്ട് 12,000ത്തിലേറെപേർ യാത്രാദുരിതം നേരിടേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ വൈദ്യുതി തകരാറിന്റെ ഉറവിടം തേടി പോയ കമ്പനി അധികൃതർ കാരണം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. റെയിൽവേ ട്രാക്കിന് സമീപം സ്ഥാപിച്ച ഇലക്ട്രിക്കൽ പവർ സംവിധാനത്തിലെ തകരാറാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്നാണ് കണ്ടെത്തിയത്. തുടർന്ന് ഷോർട്ട് സർക്യൂട്ടിന് പിന്നിലെ യഥാർത്ഥ വില്ലൻ പക്ഷേ ഒരുതരം ചെറിയ ഒച്ചായിരുന്നു.

ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന കൺട്രോൾ ബോക്സിൽ പറ്റിപ്പിടിച്ചിരുന്ന ഒച്ച് കാരണമാണ് വൈദ്യുതി ബന്ധത്തിൽ ഷോർട്ട് സര്‍ക്യൂട്ട് ഉണ്ടായത്. ഉപകരണത്തിൽ കടന്ന ഒച്ച് ഷോർട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ചത്ത ഒച്ച് ഉപകരണത്തിൽതന്നെ കുടുങ്ങിയതോടെ രണ്ട് റെയിൽവേ ലൈനുകളിലെ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി. ഇതുകാരണമായിരുന്നു ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നത്.