rohith

ന്യൂഡൽഹി: സിഡ്നി എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച എയർ ഇന്ത്യയുടെ റീജിയണൽ ഡയറക്ടറെ എയർ ഇന്ത്യ പുറത്താക്കി. എയർ ഇന്ത്യയുടെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ രോഹിത് ബാസിനെതിരെയാണ് ആസ്ട്രേലിയൻ റീജിയണൽ മാനേജരുടെ പരാതി പ്രകാരം നടപടിയെടുത്തത്. ശനിയാഴ്ച സിഡ്‌നി വിമാനത്താവളത്തിലായിരുന്നു സംഭവം. സിഡ്‌നിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർഇന്ത്യ എ.എൽ 301 ഫ്‌ളൈറ്റ് പറത്താൻ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി പഴ്‌സ് എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. രോഹിത് ബാസിനെതിരെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ അറിയിച്ചു. അതേസമയം, രോഹിതിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും മാനേജ്‌മെന്റിന്റെ സമ്മതമില്ലാതെ ഇയാൾ ഇനി എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശമുണ്ട്. ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് കമ്പനി ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിഷയം ആഭ്യന്തരമായി അന്വേഷിക്കാനും ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം, താനൊരു മുത്തച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിഞ്ഞയുടൻ മരുമകൾക്ക് സമ്മാനം നൽകാനായാണ് പഴ്സെടുത്തതെന്നാണ് രോഹിത് ഇതേക്കുറിച്ച് നൽകിയ പ്രാഥമിക വിശദീകരണമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ മേയിൽ ഷാർജയിൽ മദ്യപിച്ച അവസ്ഥയിൽ എയർഇന്ത്യ പൈലറ്റിനെ കണ്ടെത്തിയതും ദിവസങ്ങൾക്ക് മുമ്പ് ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് പൈലറ്റും സഹജീവനക്കാരനും തമ്മിലുള്ള തർക്കത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി -ബംഗളൂരു വിമാനം മണിക്കൂറിലേറെ വൈകിയതും കമ്പനിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോഷണശ്രമത്തിനിടെ പൈലറ്റ് പിടിയിലാകുന്നത്.