ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് നിക്ഷേപത്തിലും വായ്‌പാ വിതരണത്തിലും ദൃശ്യമാകുന്നത് വൻ കുറവ്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച്, ജൂൺ ഏഴിന് സമാപിച്ച ദ്വൈവാരത്തിൽ വായ്‌പാ വിതരണ വളർച്ച 9.92 ശതമാനവും നിക്ഷേപ വളർച്ച 12.31 ശതമാനവുമായി കുറഞ്ഞു. മേയ് 24ന് അവസാനിച്ച ദ്വൈവാരത്തിൽ വായ്‌പാ വിതരണം 12.70 ശതമാനവും നിക്ഷേപം 10.09 ശതമാനവും ഉയർന്നിരുന്നു. വായ്‌പാ വിതരണത്തിലും നിക്ഷേപങ്ങളിലും കുറവുണ്ടാകുന്നത്, രാജ്യത്തിന്റെ സമ്പദ്‌വളർച്ച തളരുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലും സ്ഥിതി വ്യത്യസ്‌തമല്ല എന്ന സൂചനയാണ് ബാങ്ക് വായ്‌പാ-നിക്ഷേപ വളർച്ചാക്കണക്കുകളും നൽകുന്നത്. മേയ് 24ലെ കണക്കുപ്രകാരം വായ്‌പാ വിതരണം 96.22 ലക്ഷം കോടി രൂപയും നിക്ഷേപങ്ങൾ 124.98 ലക്ഷം കോടി രൂപയും ആയിരുന്നു. ജൂൺ ഏഴിൽ, നിക്ഷേപം 125.40 ലക്ഷം കോടി രൂപയായും വായ്‌പകൾ 96.52 ലക്ഷം കോടി രൂപയായും ഉയർന്നു. 2018ലെ സമാന കാലയളവിൽ വായ്‌പകൾ 85.94 ലക്ഷം കോടി രൂപയും നിക്ഷേപങ്ങൾ 125.40 ലക്ഷം കോടി രൂപയും ആയിരുന്നു.
കാർഷികേതര വായ്‌പാ വിഭാഗമായ നോൺ-ഫുഡ് ക്രെഡിറ്റ് (വ്യക്തിഗത, വാഹന, ഭവന വായ്‌പകൾ) ഏപ്രിലിൽ 11.9 ശതമാനം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്. 2018 ഏപ്രിലിൽ വളർച്ച 10.7 ശതമാനമായിരുന്നു. കാർഷിക-കാർഷികാനുബന്ധ മേഖലകൾക്കുള്ള വായ്‌പാ വിതരണം 5.9 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായും വളർന്നു. അതേസമയം, ജി.ഡി.പിയുടെ നെടുംതൂണുകളിലൊന്നായ സേവന മേഖലയ്ക്കുള്ള വായ്‌പാ വിതരണ വളർച്ച 20.7 ശതമാനത്തിൽ നിന്ന് 16.8 ശതമാനത്തിലേക്ക് താഴ്‌ന്നു. വ്യക്തിഗത വായ്‌പാ വിതരണ വളർച്ച 19.1 ശതമാനത്തിൽ നിന്ന് 15.7 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്. എന്നാൽ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വായ്‌പകളിലെ വളർച്ച ഒരു ശതമാനത്തിൽ നിന്ന് ആറു ശതമാനമായി വർദ്ധിച്ചു.
വിദേശ നാണയ ശേഖരം കുറഞ്ഞു
മുന്നേറ്റത്തിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം കഴിഞ്ഞവാരം ഇടിഞ്ഞു. 135.8 കോടി ഡോളർ ഇടിഞ്ഞ് 42,220 കോടി ഡോളറാണ് ഇപ്പോൾ ശേഖരം. തൊട്ടുമുമ്പത്തെ വാരത്തിൽ 168.6 കോടി ഡോളർ വർദ്ധിച്ച് വിദേശ നാണയ ശേഖരം 42,355.4 കോടി ഡോളറിൽ എത്തിയിരുന്നു. 2018 ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 42,602.8 കോടി ഡോളറാണ് നിലവിലെ റെക്കാഡ്.
22% പിന്നിട്ട് ധനക്കമ്മി
കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നടപ്പു സാമ്പത്തിക വർഷത്തെ ആദ്യമാസമായ ഏപ്രിലിൽ തന്നെ ബഡ്‌ജറ്രിൽ വിലയിരുത്തിയതിന്റെ 22 ശതമാനം കവിഞ്ഞു. 1.57 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. ജി.ഡി.പിയുടെ 0.75 ശതമാനവുമാണിത്. നടപ്പുവർഷം (2019-20) ധനക്കമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ഓഹരികളെ കാത്ത് വെല്ലുവിളികൾ
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയതിന്റെ ആവേശത്തിൽ റെക്കാഡ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരി സൂചികകൾ കഴിഞ്ഞ ഏതാനും നാളുകളായി രുചിക്കുന്നത് നഷ്‌ടമാണ്. ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികളാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞവാരം സെൻസെക്‌സ് 257 പോയിന്റും നിഫ്‌റ്റി 99 പോയിന്റും നഷ്‌ടം കുറിച്ചു. വ്യാപാരാന്ത്യം സെൻസെക്‌സ് 39,194ലും നിഫ്‌റ്റി 11,724ലുമാണുള്ളത്.
അമേരിക്ക-ചൈന വ്യാപാരയുദ്ധം, ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യം, ക്രൂഡോയിൽ വിലക്കുതിപ്പ് എന്നിവയാണ് കഴിഞ്ഞവാരം തിരിച്ചടിയായത്. ഈ ഘടകങ്ങൾ ഇപ്പോഴും ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്. യൂറോപ്പ്യൻ കേന്ദ്ര ബാങ്കിന്റെ (ഇ.സി.ബി) ധനനയ പ്രഖ്യാപനം ഈവാരം അറിയാമെന്നതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.
₹10,312 കോടി
ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്ന് വെല്ലുവിളികൾ ഒട്ടേറെയുണ്ടെങ്കിലും ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുകയാണ്. കടപ്പത്രങ്ങൾക്കാണ് ഏറെ സ്വീകാര്യത. ഈമാസം ഇതുവരെ 10,312.66 കോടി രൂപ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപിച്ചു. ഇതിൽ 9,760.59 കോടി രൂപയും നേടിയത് കടപ്പത്ര വിപണിയാണ്.