കണ്ണൂർ: ജോസ് കെ.മാണിയുടെ ചെയർമാൻ സ്ഥാനം മരണക്കിടക്കയിലാണെന്നും കോടതി വിധിക്ക് ശേഷം ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലായെന്നും പി.ജെ.ജോസഫ്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യു,.ഡി.എഫ് നാളെ ജോസ് കെ.മാണിയുമായി സമവായ ചർച്ച നടത്താനിരിക്കവെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണിക്കുള്ളത്. സമവായത്തിന് തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെന്ത് സമവായമാണ് കോൺഗ്രസുമായുള്ള ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പി ജെ ജോസഫ് ചോദിച്ചു.
ആൾമാറാട്ടം നടത്തിയാണ് അദ്ദേഹം സംസ്ഥാന കമ്മിറ്റി വിളിച്ചതെന്നും ജോസഫ് ആരോപിച്ചു. ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും അദ്ദേഹം വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഒരു ജനക്കൂട്ടമാണ് യോഗത്തിൽ പങ്കെടുത്തത്. അവർ പ്രഖ്യാപനം നടത്തി. വിളിക്കാന്‍ അധികാരമില്ലാത്തയാൾ വിളിച്ചുചേർത്ത യോഗം നിയമാനുസൃതമല്ല. അതുകൊണ്ടാണ് തീരുമാനം കോടതി സ്‌റ്റേചെയ്തത്. ജോസ് കെ മാണി ചെയർമാനായി പ്രവർത്തിക്കരുതെന്നും യോഗം വിളിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചെയർമാൻ സ്ഥാനം മരവിപ്പിച്ച് നിറുത്തിയിരിക്കുകയാണ്. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലായെന്നും പി ജെ ജോസഫ് പരിഹസിച്ചു.
അതേസമയം പി.ജെ. ജോസഫ് രാഷ്ട്രീയ ജീവിതത്തിൽ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന് പുതുജീവൻ നൽകി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്. കെ. മാണി പറഞ്ഞു.പലരുടെയും എതിർപ്പിനെ മറികടന്ന് കേരള കോൺഗ്രസാണ് അദ്ദേഹത്തിന് അഭയംനല്‍കിയത്. ഓരോദിവസം കഴിയുന്തോറും പ്രവർത്തകർ കൂടെയില്ലെന്ന തിരിച്ചറിവ് ജോസഫിന് ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.