ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ക്രൂരമായ തൊഴിൽ പീഡനത്തിനിരയാക്കിയ ഹൈദരാബാദ് സ്വദേശിയായ യുവതിയെ രക്ഷപ്പെടുത്തി. വ്യാജവാഗ്ദാനങ്ങൾ നൽകി കുവൈറ്റിൽ എത്തിച്ച യുവതിയെ തൊഴിൽ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
ഒരു സലൂണിൽ ബ്യൂട്ടീഷ്യൻ ജോലിയാണ് രഹ്‌ന എന്ന യുവതിക്ക് വാഗ്ദാനം ചെയ്തത്. തുടർന്ന് പണം നൽകി കുവൈറ്റിലെത്തിയ രഹനയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുരയായിരുന്നു. ‘ബ്യൂട്ടീഷ്യൻ ജോലിയാണ് എനിക്ക് വാഗ്ദാനം ചെയ്തത്. പ്രതിമാസം 30,000 രൂപ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ കുവൈറ്റിൽ എത്തിയപ്പോഴാണ് വീട്ടുജോലിക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലായത്. അവിടെ വെച്ച് ക്രൂരമായ ദേഹോപദ്രവമാണ് ഏല്പിച്ചത്,’ രഹന പറഞ്ഞു.
‘അവർ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പലപ്പോഴും എന്നെ പൊളളിച്ചു. ഭക്ഷണവും വസ്ത്രവും നിഷേധിക്കപ്പെട്ടു,’ രഹന പറഞ്ഞു. വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ രഹന ഹൈദരാബാദിലുളള മകളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് മകൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു.
തുടർന്ന് എംബസി നടത്തിയ നീക്കത്തിലാണ് കഴിഞ്ഞയാഴ്ച്ച രഹനയെ നാട്ടിലെത്തിച്ചത്. ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിക്കും രഹന നന്ദി അറിയിച്ചു. ‘ഇന്ത്യൻ എംബസിയോടും പ്രധാനമന്ത്രിയോടും ഞാൻ നന്ദി പറയുന്നു. ആ നരകത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് ദൈവം അനുഗ്രഹിക്കും രഹന പറഞ്ഞു.