rahul

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷന്റെ ഒപ്പില്ലാതെയുള്ള എ.ഐ.സി.സി കത്ത് പാർട്ടി ഘടകങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും ലഭിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. ജനറൽ സെക്രട്ടറി(സംഘടന) കെ.സി വേണുഗോപാലാണ് പാർട്ടിയുടെ പ്രവർത്തനകാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന കത്തിൽ ഒപ്പിട്ടിരുന്നത്. കത്തിൽ ഒപ്പിടാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചുവെന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടില്ലെന്ന രാഹുലിന്റെ ഉറച്ച നിലപാടാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സാധാരണയുള്ള പ്രസ് റിലീസുകളിൽ സംഘടനാ സെക്രട്ടറി ഒപ്പിട്ടാണ് നൽകാറുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്നാണ് എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കളും അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ രാജി തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. പകരം ആളെ കണ്ടെത്താനാണ് പാർട്ടിയോട് രാഹുൽ നിർദേശിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാൻ ഇതുവരെ കോൺഗ്രസിനായിട്ടില്ല.