കോതമംഗലം: കോഴിഫാം ജീവനക്കാരൻ പോത്താനിക്കാട് പുളിന്താനം കുഴുപിള്ളി പ്രസാദിനെ (45) മരണം കൊലപാതകം. ഫാം ഉടമ പോത്താനിക്കാട് കാട്ടുചിറയിൻ സജീവൻ എയർഗണ്ണുപയോഗിച്ച് പ്രസാദിനെ തലയ്ക്കടിച്ചു കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായിരുന്ന സജീവന്റെ (39) അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി സജീവനും പ്രസാദും സജീവന്റെ വീടിന്റെ ടെറസിൽ ഇരുന്ന് മദ്യപിച്ചിരുന്നു. പിന്നീട് അരകിലോമീറ്ററോളം അകലെയുള്ള സ്വന്തം വീട്ടിലേക്ക് പോയ പ്രസാദ് തിരികെവരികയും വീണ്ടും മദ്യം ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെന്ന് പറഞ്ഞപ്പോൾ സജീവനെ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ സജീവൻ തന്റെ എയർഗണ്ണിന്റെ പാത്തിക്ക് പ്രസാദിനെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ശക്തമായ അടിയിൽ ഒടിഞ്ഞുപോയ എയർഗൺ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രസാദിന്റെ തലയ്ക്ക് പിന്നിലും മുഖത്തും നെഞ്ചിലും അടിയേറ്റ പാടുണ്ടായിരുന്നുവെന്നും വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രസാദ് വീട്ടിൽ എത്താതിരുന്നതിനാൽ മകൻ സജീവനെ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എങ്ങോട്ട് പോയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. സജീവനും പ്രസാദും നല്ല സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ നേരത്തെ വഴക്കൊന്നുമുണ്ടായിട്ടില്ലെന്ന് പറയുന്നു.
ശനിയാഴ്ച രാവിലെ സജീവൻ തന്നെയാണ് പ്രസാദ് തന്റെ ടെറസിൽ മരിച്ചുകിടക്കുന്ന വിവരം അയൽവാസികളെ അറിയിച്ചത്. ഇവർ അറിയിച്ചതനുസരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് വീട്ടുടമ സജീവൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പിനായി സജീവനെ വീട്ടിൽ കൊണ്ടുവന്നിരുന്നു. കൂട്ടുപ്രതികൾ ഉണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യണമെന്നും ഇതിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം പ്രസാദിന്റെ മൃതദേഹം കല്ലൂർക്കാടുള്ള തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു.