air-india-

സിഡ്നി ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ റോഹിത് ബാസിൻ എന്ന പൈലറ്റിനെയാണ് സസ്പെൻഡ് ചെയ്തത്. സിഡ്നി വിമാനത്താവളത്തിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നുമാണ് മുതിർന്ന പൈലറ്റായ റോഹിത് വിലകൂടിയ പഴ്സ് കൈക്കലാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതർ എയർ ഇന്ത്യയെ വിവരം അറിയിക്കുകയായിരുന്നു.

റോഹിത് യാത്ര ചെയ്യുന്ന എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സിഡ്നിയിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് കൈമാറും. ലൈസൻസ് ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറണമെന്നും കൊൽക്കത്ത വിട്ടു പോകരുതെന്നും ഉത്തരവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

സിഡ്‌നിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർഇന്ത്യ എ.എൽ 301 ഫ്ലൈറ്റ് പറത്താനുള്ള ചുമതലയായരുന്നു റോഹിതിന്. ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി പഴ്‌സ് കവരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് എയർഇന്ത്യ ഉത്തരവിറക്കി. റോഹിതിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും മാനേജ്‌മെന്റിന്റെ സമ്മതമില്ലാതെ ഇയാൾ ഇനി എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.

പ്രാഥമികാന്വേഷണത്തിൽ പൈലറ്റ് കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.