cpm

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. ദേശീയതലത്തിൽ കോൺഗ്രസിനോട് എടുത്ത നിലപാട് കേരളത്തിൽ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നുവെന്നും സി.പി.എം സംസ്ഥാന സമിതി വിമർശിച്ചു. തിരഞ്ഞെടുപ്പിലേറ്റ വലിയ തോൽവി മുൻകൂട്ടി കാണാനായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച്‌ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിലാണ് വിമർശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്ക് എതിരെയുള്ള ലൈംഗിക പീഡനാരോപണം ,​ ആന്തൂരിലെ പ്രവാസി വ്യവാസായിയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ യോഗം ചർച്ച ചെയ്തില്ല.

ശബരിമല വിഷയത്തിലുൾപ്പെടെ പാർട്ടി നിലപാട് വ്യക്തമാക്കണം. പാർട്ടി വോട്ടുകൾ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയി. അത് മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് വിമർശനമുയര്‍ന്നു.താഴെത്തട്ടിൽ പണിയെടുക്കാതെ ഇനി മുന്നോട്ടുപോകാനാകില്ല എന്നാണ് ഒരംഗം അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തിൽ താഴെത്തട്ടിൽ ബോധവത്കരണം നടത്തി വിശ്വാസികളെ കൂടെനിറുത്തണമെന്നും ആവശ്യമുയർന്നു. പക്ഷേ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളാരും ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തള്ളിയില്ല.

ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചു, എൽ.ഡി.എഫ് പരാജയം ഉറപ്പിക്കലായിരുന്നു ബി.ജെ.പി ലക്ഷ്യമെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു. യു.ഡി.എഫും ബി.ജെ.പിയും ശബരിമല പ്രചാരണായുധമാക്കി, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു, ഇത് മറികടക്കാൻ എൽ.ഡി. എഫിനായില്ലെന്നും സംസ്ഥാന സമിതി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും പ്രചാരണം വിശ്വാസികൾ വിശ്വസിച്ചുവെന്നും സംസ്ഥാന സമിതി വിശദമാക്കി. ജനങ്ങളുടെ മനസ് അറിയുന്നതിൽ പരാജയപ്പെട്ടു. അടിയൊഴുക്ക് തിരിച്ചറിഞ്ഞില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കയും സംസ്ഥാന സമിതി അംഗങ്ങൾ പങ്കുവച്ചു.