തിരുവനന്തപുരം: പൊലീസ് ജില്ലാ സഹകരണ സംഘം തിരഞ്ഞെടുപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തെ ചൊല്ലി പൊലീസുകാർ തമ്മിലുണ്ടായ തമ്മിലടിയിൽ കുറ്റക്കാർക്കെരിതെ അന്വേഷണത്തിന് നിർദേശം നൽകിയതായി സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പത്ത് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. ഇവരിൽ അജിത്ത്, രഞ്ജിത്ത് എന്നിവർ വിവിധ കേസുകളിൽ നിലവിൽ സസ്‌പെൻഷനിലാണ്.
അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്ത ഇടതുപക്ഷ പാനലിലെ അംഗങ്ങൾക്കെതിരെ കമ്മിഷണർ അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നത് സേനയ്ക്കുള്ളിൽ വിവാദത്തിനും അഭിപ്രായ ഭിന്നതയ്ക്കും ഇടയാക്കിയിട്ടുണ്ട്.
ജി.ആർ. അജിത്തിനൊപ്പമുണ്ടായിരുന്ന പ്രവീണിനെ ഹെൽമറ്റുകൊണ്ട് മർദ്ദിച്ചെന്ന പരാതിയിൽ എസ്.എ.പി ക്യാമ്പിലെ ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. ആനന്ദ്, മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ സജീർ, പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന എക്സിക്യുട്ടിവ് അംഗം പ്രവീൺരാജ് എന്നിവരാണ് മ്യൂസിയം പൊലീസ് കേസെടുത്ത ഇടതു സംഘടനക്കാർ. അന്വേഷണത്തിൽ കുറ്റം കണ്ടെത്താനാകത്തതുകൊണ്ടാണ് ഇവരെ നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ ഒരു വിഭാഗത്തിനെതിരെ മാത്രമുള്ള അച്ചടക്ക നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശക്തമായി.
27ന് നടക്കുന്ന വോട്ടെടുപ്പിൽ 6878 അംഗങ്ങൾക്കാണ് വോട്ടവകാശം. 5900- ഓളം പേർ പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചിരുന്നു. ഇതിൽ രണ്ടായിരത്തിൽ താഴെ പേർക്കു മാത്രമാണ് കാർഡ് കിട്ടിയത്. യു.ഡി.എഫ് അനുകൂല സംഘടനയിലെ പൊലീസുകാർക്ക് കാർഡുകൾ തടഞ്ഞുവയ്ക്കുന്നെന്നാരോപിച്ച് ജി.ആർ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എ.ആർ ക്യാമ്പിലെത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഭവത്തിൽ ആകെ 16 പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പിൽ സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ ഡി.ജി.പിക്ക് കൈമാറി. വോട്ടെടുപ്പ് ദിവസം പോളിംഗ് കേന്ദ്രത്തിലടക്കം ശക്തമായ സുരക്ഷവേണമെന്ന് റിപ്പോർട്ടിലുണ്ട്.