mumbai-

മുംബയ് : വിവാഹമോചന ഹർജിയിൽ വാദം കേട്ട കോടതി യുവതിയുടെ ആവശ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അനുഭാവ പൂർവം പരിഗണിച്ചു. പിരിഞ്ഞുതാമസിക്കുന്ന ഭർത്താവിൽ നിന്ന് ഒരുകുഞ്ഞുകൂടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.വിവാഹ മോചനഹർജിയിൽ തീർപ്പ് കാത്തിരിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ 35കാരിയാണ് വ്യത്യസ്തമായ ആവശ്യവുമായി നന്ദേത് കുടുംബകോടതിയെ സമീപിച്ചത്

യുവതിയുടെ ആവശ്യം ന്യായമാണെന്ന് പരിഗണിച്ച കോടതി യുവതിയോടും ഭർത്താവിനോടും കൗൺസിലിംഗിന് വിധേയമാകാൻ നിർദ്ദേശിച്ചു. കൗൺസിലിംഗിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ദ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവർക്കും കോടതി നിർദ്ദേശം നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2017ലാണ് യുവതിയുടെ ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. നിലവിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്. ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് യുവതി ഒരു കുഞ്ഞ് കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആർത്തവവിരാമത്തിന് മുൻപ് ലൈംഗികബന്ധത്തിലൂടെയോ ഐ.വി.എഫ്. മാർഗത്തിലൂടെയോ ഗർഭം ധരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, യുവതിയുടെ ആവശ്യത്തെ ഭർത്താവ് എതിർത്തു. വിവാഹമോചനം കാത്തിരിക്കുന്ന തനിക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെയാണ് കൃത്രിമഗർഭധാരണത്തിനുള്ള സാദ്ധ്യത കോടതി ആരാഞ്ഞത്.

യുവതിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഭര്‍ത്താവിന്റെ സമ്മതം നിർണായകമാണെന്നും നിരീക്ഷിച്ചു. എന്നാൽ ബീജദാനം വഴിയും യുവതിയിൽ കുഞ്ഞ് വേണ്ടെന്നാണ് ഭർത്താവിന്റെ നിലപാട്.