pak

ലണ്ടൻ : പാകിസ്താനോട് 49 റൺസിന് തോറ്റ ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി കാണാതെ പുറത്തായി. പാകിസ്താന്റെ 309 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 259 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

രണ്ട് റൺസെടുത്ത ഓപ്പണർ ഹാഷിം അംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് അമീറാണ് അംലയെ വീഴ്ത്തിയത്. രണ്ടാം വിക്കറ്റിൽ ഡി കോക്കും ഡുപ്ലസിസും ചേർന്നുള്ള കൂട്ടുകെട്ട് ഷദാബ് ഖാൻ പൊളിച്ചു. ഡി കോക്ക് 47 റൺസ് നേടിയ ഡി കോക്കാണ് പുറത്തായത്.

തുടർന്ന് ഡുപ്ലെസിസിനെയും അമിർ മടക്കിഅയച്ചു. ഡുപ്ലെസിസ് 79 പന്തിൽ 63 റൺസെടുത്തു. വാൻ ഡി ഡുസൻ 47 പന്തിൽ 36 റൺസും ഡേവിഡ് മില്ലർ 37 പന്തിൽ 31 റൺസും എടുത്ത് പുറത്തായി. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അമീർ രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 308 റൺസെടുത്തത്. ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്‌ഗി എൻഗിഡി 9 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇമ്രാൻ താഹിറിന്റെ പ്രകടനവും ശ്രദ്ധേയമായി.