സതാംപ്ടൻ: ഇന്ത്യാ അഫ്ഗാൻ ലോകകപ്പ് മത്സരത്തിലെ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാന്മാരെ വിമർശിച്ച് സച്ചിൻ ടെണ്ടുൽക്കർ രംഗത്ത്. മധ്യനിരയിൽ മഹേന്ദ്രസിങ് ധോണിയും കേദാർ ജാദവും നടത്തിയ പ്രകടനത്തെയാണ് സച്ചിൻ വിമർശിച്ചത്. ധോണിയും കേദാർ ജാദവും ചേർന്നുള്ള കൂട്ടുകെട്ടിനെയും അവരുടെ മെല്ലെപ്പോക്കിനെയും സച്ചിൻ വിമർശിച്ചു.
അഫ്ഗാനെതിരായ മത്സരത്തിൽ സ്പിന്നർന്മാരെ നേടിടുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടിരുന്നു. കേദാർ ജാദവും ധോണിയും ചേർന്ന കൂട്ടുകെട്ടും അത്ര നന്നായി തോന്നിയില്ല. വളരെ മന്ദഗതിയിലായിരുന്നു അവരുടെ ബാറ്റിങ്. സ്‌പിൻ ബോളിങ്ങിനെതിരെ 34 ഓവർ ബാറ്റു ചെയ്ത നമുക്ക് കിട്ടിയത് 119 റൺസാണ്. ഇരുവർക്കും ജയിക്കണമെന്ന് ആഗ്രഹം അവരുടെ കളിയിൽ കണ്ടില്ലെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തോടാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ധോണി – ജാദവ് സഖ്യം 84 പന്തിൽനിന്ന് 57 റൺസാണ് കൂട്ടിച്ചേർത്തത്. ഓരോ ഓവറിലും 2–3 പന്തുകളാണ് ഇരുവരും റണ്ണെടുക്കാതെ വിട്ടത്. 38–ാം ഓവറിൽ വിരാട് കോഹ്ലി പുറത്തായി. അതിനുശേഷം 45 ഓവർ വരെ ക്രീസിൽനിന്ന ഇരുവർക്കും കാര്യമായി റൺസൊന്നും നേടാനായില്ലെന്നും സച്ചിൻ പറഞ്ഞു. കേദാർ ജാദവിന് സമ്മർദ്ദമുണ്ടായിരുന്നു. ജാദവിന് ലോകകപ്പിൽ ഇതുവരെ കാര്യമായി അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ മുതിർന്ന താരമെന്ന നിലയിൽ ധോണി കുറച്ചുകൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും സച്ചിൻ കുറ്റപ്പെടുത്തി. മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 11 റൺസിനാണ് ഇന്ത്യ വിജയിച്ചത്.