മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ.പി ശ്രീജിത്ത് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ബിനോയ് കോടിയേരിയുടെ മാതാവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായ വിനോദിനി ബാലകൃഷ്ണൻ ചർച്ചകൾക്കായി മുംബയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചർച്ചകളെന്നും വിഷയത്തിന്റെ ഗൗരവം താൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക് മെയിൽ ചെയ്‌ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്‌ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി അഭിഭാഷകൻ വെളിപ്പെടുത്തി.