രാജാക്കാട്: ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകടക്കെണിയായി മാറുന്നു. പലയിടങ്ങളിലായി ഇരുന്നൂറിലധികം പാറമടകളാണ് ഉപയോഗശൂന്യമായി കിടക്കുന്നതെന്നാണ് വിവരം. ഇവയാണ് കാലവർഷത്തിൽ വെള്ളക്കെട്ടായി മാറി അപകട ഭീഷണി ഉയർത്തുന്നത്. ഉപയോഗിക്കാത്ത ക്വാറികൾ മണ്ണിട്ട് നികത്തുകയോ സംരക്ഷണവേലി കെട്ടി സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്ന മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നിർദ്ദേശം പാലിക്കപ്പെടുന്നില്ല. കിട്ടിയ അനുമതി ഉപയോഗിച്ച് പരമാവധി പാറഖനനം നടത്തിയതിന് ശേഷം ഉടമകൾ ഇവ ഉപേക്ഷിച്ച് പോകുകയാണ് ചെയ്യുന്നത്.
മഴയിൽ ഇവയെല്ലാം തന്നെ ചെക്ഡാമുകൾക്ക് സമാനമായ രീതിയിൽ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. 50- 60 അടി ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഇവയിൽ അബദ്ധത്തിൽ വീണ് ആളുകൾക്ക് പരിക്കേൽക്കുന്നത് പതിവാണ്. രാജകുമാരി നോർത്തിലെ ബന്ധുവീട്ടിൽ വേനലവധി ചെലവിടാൻ എത്തിയ ഒരു കുട്ടി സമീപത്ത് ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുമ്പ് മരിച്ചിരുന്നു. കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് ഉൾപ്പെടെയുള്ളവ വളർന്ന് പെരുകുന്നതിനും പകർച്ചവ്യാധി വ്യാപനത്തിനും വഴിയൊരുക്കുന്നുണ്ട്.