surendran

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മികച്ച പ്രകടനം കാഴ്‌ച വച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. രണ്ട് മാസത്തിനുള്ളിൽ തന്നെ അംഗത്വ വിതരണം പൂർത്തിയാക്കി ബി.ജെ.പി ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് കടക്കും. കേരളത്തിൽ ഇത്തവണ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്തതും പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് വർദ്ധിച്ചതും നിലവിലെ അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്‌ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൊതുസമ്മതനെന്ന നിലയിൽ സുരേന്ദ്രനെ തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെട്ട അദ്ധ്യക്ഷസ്ഥാനം സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.

അതിനിടെ, കൃഷ്‌ണദാസ് വിഭാഗം എം.ടി.രമേശന് വേണ്ടിയും ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശന് വേണ്ടിയും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രനേതൃത്വം ഇതുവരെ സംസ്ഥാന നേതാക്കളുടെ നീക്കത്തോട് പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടും കേരളത്തിൽ മാത്രം പാർട്ടി നിലംതൊടാതെ പോയത് കേന്ദ്രനേതൃത്വത്തിന്റെ അനിഷ്‌ടത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും ആര് അദ്ധ്യക്ഷ പദവിയിലെത്തിയാലും മറുഗ്രൂപ്പുകാർ നിസഹകരണം തുടരുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിലെ പരമ്പരാഗത നേതാക്കളെ ഇനി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ടെന്നും പുതുമുഖത്തെ ഇറക്കി പരീക്ഷണം നടത്താമെന്നും കേന്ദ്രത്തിന് പദ്ധതിയുണ്ട്. എന്നാൽ, ശബരിമല പ്രക്ഷോഭത്തിൽ ദിവസങ്ങളോളം ജയിൽവാസം അനുഷ്‌ടിക്കുകയും പത്തനംതിട്ടയിൽ ഒരുലക്ഷത്തോളം വോട്ടുകൾ അധികം പിടിക്കുകയും ചെയ്‌ത സുരേന്ദ്രൻ പാർട്ടിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത് നേട്ടമാകുമെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

അതേസമയം, മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കുമ്മനം രാജശേഖരനെ പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ പദവിയിലേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളോടൊന്നും ഔദ്യോഗികമായി പ്രതികരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.