chalachitra-academy

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് സിനിമയെ പറ്റി എഴുതുന്നതു ഞാൻ വായിക്കുന്നത്.

കണ്ട സിനിമകളുടെ ,കഥയും,പാട്ടും അഭിനയവും, രംഗങ്ങളും ഓർമ്മിക്കുന്ന കാലം. സിനിമയെ പറ്റി അന്നു അച്ചടിച്ചു വന്നിരുന്നത് കേരളകൗമുദി , തുടങ്ങിയ പത്രങ്ങളിലും കൗമുദി,ഉൾപ്പെടെയുള്ള ആഴ്ചപ്പതിപ്പുകളിലും മാത്രമായിരുന്നു.

സാഹിത്യം,കവിത,ചിത്രകല, നാടകം തുടങ്ങിയവയ്‌ക്കൊപ്പം നല്ല സിനിമകളെ പറ്റിയും ഗൗരവമായ എഴുത്തുകൾ വന്നു.നന്ദകുമാർ , ബി രാജീവൻ,ചിന്ത രവി,നീലൻ ,ഷണ്മുഖ ദാസ്,വിജയകൃഷ്ണൻ,എം.എഫ്.തോമസ്,കള്ളിക്കാട് രാമചന്ദ്രൻ,വി.രാജകൃഷ്ണൻ, തുടങ്ങിയവർ അതിലൂടെ സിനിമയുടെ സൗന്ദര്യശാസ്ത്രം എഴുതി. എഴുപതുകളുടെ മദ്ധ്യത്തോടെ ഫിലിംമാഗസിൻ,ചിത്രകാർത്തിക എന്നിവയിലും സിനിമയെ പറ്റിയും ,സിനിമക്കാരെയും പറ്റിയും ഷൂട്ടിങ് വാർത്തകളും തിരക്കഥകളും വന്നു തുടങ്ങിയിരുന്നു . സിനിമ ഇറങ്ങുന്ന വെള്ളിയാഴ്ചയോ .ഞായറാഴ്ച്ചയോ സിനിമ നിരൂപണം വരും .അത് വായിച്ചായിരുന്നു അനേകം പേര് സിനിമകൾ കാണാൻ പോയിരുന്നതും .

ഇപ്പോഴിത്രയും ഓർക്കാൻ കാരണം ചലച്ചിത്ര അക്കാദമിയിലെ ചുവരിൽ ദേശീയ അവാർഡ് ലഭിച്ചവരുടെ ചിത്രങ്ങൾ വെച്ചതായി കാണിച്ചുള്ള ചില സുഹൃത്തുക്കളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് .പുതിയകാലത്തു സിനിമ എഴുത്ത് സിനിമ പഠനങ്ങളായി മാറുകയുംആ പഠനങ്ങൾ പുസ്തകങ്ങളാകുകയും അവയ്ക്ക് അക്കാദമിക് മാനദണ്ഡം ഉണ്ടാകുകയും അങ്ങനെ ദേശീയ പുരസ്‌കാരങ്ങൾ ലഭിയ്ക്കുകയും ചെയ്തു .അംഗീകാരം ലഭിച്ചവർ മാത്രം ഓർമ്മിക്കപെട്ടാൽ പോരാ എന്നതുകൊണ്ടും പഴയ തലമുറക്കാർ മലയാളം സിനിമക്കു നൽകിയ പ്രോത്സാഹനവും കാണികളെ ചിത്രങ്ങൾ കാണാൻ വഴി കാട്ടിയതും മറന്നു പോകരുത് എന്നുള്ളത് കൊണ്ട് കൂടി ആണ് ഇതെഴുതുന്നത്.

ഓർമയിൽ വരുന്ന ആദ്യ സിനിമ എഴുത്തുകാർ കോഴിക്കോടൻ,സിനിക് ,നാദിർഷ (ടി എം പി നെടുങ്ങാടി)തെങ്ങമം ബാലകൃഷ്ണൻ,വൈക്കം ചന്ദ്രശേഖരൻ നായർ ,കെ ബാലകൃഷ്ണൻ ,അടൂർ ഗോപാലകൃഷ്ണൻ ,വി.ശശിധരൻ,സലാം കാരശേരി ,തുടങ്ങിയവരായിരുന്നു.,അരവിന്ദന്റെ കാർട്ടൂണുകളിലും സത്യജിത് റേ യെപ്പോലെ ഉള്ളവരുടെ സിനിമകളെ പറ്റി പ്രതിപാദിച്ചിരുന്നു. 1990 കഴിഞ്ഞതോടെ കാര്യങ്ങൾ ആകപ്പാടെ മാറി ചലച്ചിത്ര അക്കാദമിയുടെ വരവും ,ചലച്ചിത്ര ഫെസ്റ്റിവലുകളും ,സിനിമകൾ ഡി വി ഡിയിൽ ലഭ്യമായതും ,ചലച്ചിത്ര സംബന്ധി ആയ പുസ്തകങ്ങളുടെ വരവും എഴുതാൻ കഴിവുള്ളവരെയും ,സംസാരിക്കാൻ കഴിവുള്ളവരെയും അക്കാദമീഷ്യൻമാരാക്കി .

ചലച്ചിത്ര അക്കാദമിയുടെയും കുറെ മാധ്യമങ്ങളുടെയും പിൻബലവും ഉണ്ടായപ്പോൾ സിനിമ സംബന്ധി ആയ രചനകൾ വന്നു.അവ പുസ്തകങ്ങളായി മാറി . കോളേജുകളിലും സ്‌കൂളുകളിലും ചലച്ചിത്ര പഠനം കരിക്കുലത്തിൽ ഉൾപ്പെടുത്തിയപ്പോൾ സ്‌കൂൾ അധ്യാപകരും ,കോളേജ് അധ്യാപകരുംചലച്ചിത്ര പഠനരചയിതാക്കളായി. സിനിമകൾ റിലീസ് ചെയ്തു നാളുകൾ കഴിഞ്ഞാണ് ഇവരുടെ ആസ്വാദന പാഠനങ്ങൾ വരുന്നത്. ഈ പഠനങ്ങൾ ഫിലിം സൊസൈറ്റികളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മാത്രം സഹായകരമായി മാറി.. . അന്തർ ദേശീയ തലത്തിൽതന്നെ ചലച്ചിത്രനിരൂപകരുടെ സംഘടനകൾവന്നു. അവർക്കു പലർക്കും അന്തർ ദേശീയ തലത്തിൽ ജൂറി വരെ ആകാൻ കഴിഞ്ഞു. ദേശീയതലത്തിൽ സിനിമ സംബന്ധി ആയ രചനകൾക്ക് അവാർഡും ലഭിക്കാൻ തുടങ്ങി.ഇവർ ഫെസ്റ്റിവൽ സെലക്ഷൻ കമ്മീറ്റികളിലും ,അവാർഡ് കമ്മറ്റികളിലും പരിഗണിക്കപ്പെട്ടുതുടങ്ങി. നാളിതു വരെ പുസ്തകങ്ങൾക്കുള്ള ഏറ്റവും കൂടുതൽ അവാർഡും ലഭിച്ചത് മലയാളികൾക്കാണ് .മത്സരം മൂത്തപ്പോൾ പലരും അവാർഡിന് വേണ്ടി തന്നെ എഴുതാനും തുടങ്ങി. കാര്യങ്ങൾ എന്താണെങ്കിലും മലയാള ചലച്ചിത്ര നിരൂപകർദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായി.. ചലച്ചിത്ര അക്കാദമിയുടെ ഭരണ സമിതിയിൽ അവർക്കു നിർണായകമായ സ്ഥാനവും ഇപ്പോൾ ലഭിച്ചു. അടുത്ത ദിവസം ദേശീയ അവാർഡ് ലഭിച്ച എല്ലാ മലയാള സിനിമ നിരൂപകരുടെയും ചിത്രങ്ങൾ ചലച്ചിത്ര ക്കാദമിയുടെ ഭിത്തിയിൽ തൂക്കി .ആദരിക്കപെട്ടവർ അക്കാദമിയിലെ ചുവരിൽ ചിത്രങ്ങളായി . അവാർഡുകളും അംഗീകാരങ്ങളും ഇല്ലാതിരുന്ന കാലത്ത് ,എഴുതുന്നത് സൂക്ഷിച്ചു വെക്കാൻപോലും കൂട്ടാക്കാതെ ,ഞങ്ങളെ പ്പോലെ ഉള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ച 1960-80 കളിലെ നിരുപകരുടെ ചിത്രങ്ങൾ ചുവരിലില്ല.അവർക്ക് അവാർഡ് കിട്ടിയില്ലെന്നതിനാൽ അവർ നൽകിയ സംഭാവനകൾ വിസ്മരിക്കപ്പെടരുത്.